
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മൊബൈല്‍ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍ അയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍ അയക്കാനുള്ള തീരുമാനമെടുക്കുന്നത്. ജിതിന്‍ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നും ഈ ഫോണില്‍ വെച്ചാണ് സ്‌ക്രീന്‍ഷോട്ട് തയ്യാറാക്കിയതെന്നുമാണ് പൊലീസ് നിഗമനം.
പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര സെഷന്‍സ് കോടതി തള്ളുകയും രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവാധി. വ്യക്തികള്‍ക്കും ഗ്രൂപ്പുകളിലേക്കും ജിതിന്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തലുണ്ട്. ഷെയര്‍ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ജിതിന്‍ ഭാസ്‌കര്‍ ആദ്യം 'വടകര സ്‌ക്വാഡ്' എന്ന വാട്‌സാപ് ഗ്രൂപ്പിലും തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ 'റെഡ് എന്‍കൗണ്ടര്‍' എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം.






