
വൈവിധ്യമാർന്ന പ്രകടനത്തിലൂടെ ടെലിവിഷന്‍ മേഖലയില്‍ നിറഞ്ഞു നിന്നിരുന്ന അഭിനേത്രിയാണ് ടീന പരേഖ്. കഹാനി ഘർ ഘർ കീ, കസൗതി സിന്ദഗി കേ, ഖിച്ച്ഡിയി, ഇൻസ്റ്റന്റ് ഖിച്ച്ഡി എന്നീ പരമ്പരകളിലൂടെയാണ് ടീന കുടുംബപ്രേക്ഷകരുടെ മനസ്സിലിടം പിടിച്ചത്. ഒരു കാലത്ത് ടെലിവിഷന്‍ സ്ക്രീനില്‍ നിറഞ്ഞു നിന്നിരുന്ന ടീന ഇപ്പോള്‍ വളരെ സെലക്ടീവായി മാത്രമാണ് തെരഞ്ഞെടുപ്പുകള്‍ നടത്താറുള്ളത്.
ഇപ്പോഴിതാ ഡോളർ ബാഹു എന്ന പരമ്പരയുടെ സെറ്റില്‍ തനിക്കുണ്ടായ അസുഖകരമായ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ടീന പരേഖ്. താൻ കണ്ടു വളർന്ന രഞ്ജീത് എന്ന മുതിര്‍ന്ന താരത്തിനൊപ്പം അഭിനയിച്ചപ്പോഴാണ് മനസ്സിനെ വേദനിപ്പിക്കുന്ന സംഭവമുണ്ടായത് എന്നാണ് ടീന പറഞ്ഞത്. പുതുമുഖമായതു കൊണ്ടു തന്നെ താന്‍ തന്റെ വരികൾ മറന്നു പോയെന്നും ആ സമയം തന്നെ അദ്ദേഹം പരസ്യമായി അപമാനിക്കാൻ ശ്രമിച്ചുവെന്നും ടീന പറയുന്നു.
‘‘ഡോളർ ബഹു എന്ന സീരിയലിന്റെ സെറ്റില്‍ വച്ച് ഒരു നടനില്‍ എനിക്ക് ഏറ്റവും മോശം അനുഭവങ്ങളിലൊന്ന് ഉണ്ടായി. അത് മുതിർന്ന നടൻ രഞ്ജീത് ആയിരുന്നു. എനിക്ക് ഷൂട്ട് ചെയ്യാത്തപ്പോൾ, അദ്ദേഹം അഭിനയിക്കുന്നത് ഞാനിരുന്ന് കാണുമായിരുന്നു. അദ്ദേഹം ഇത്രയും വലിയ താരമായതിനാൽ ഞാൻ പരിഭ്രാന്തിയിലായിരുന്നു. കുട്ടിക്കാലം മുതൽ ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹത്തോടൊപ്പം രണ്ട് രംഗങ്ങൾ ഉണ്ടായിരുന്നതിനാൽ ഞാൻ ശരിക്കും ആവേശഭരിതയായിരുന്നു.
അതുകൊണ്ട് ഞാന്‍ ശരിക്കും പറയാനുള്ള വരികള്‍ മറന്നു പോയി. അതു കണ്ട അദ്ദേഹം, ‘‘എന്റെ വെറുതെ കളയാന്‍ ഇതൊക്കെ എവിടെ നിന്ന് വരുന്നു.? പോയി അവരുടെ വരികൾ പഠിച്ച ശേഷം തിരിച്ചുവരാൻ പറയൂ....’ എന്നു പറഞ്ഞത് ഞാൻ ഓർക്കുന്നു. ആ വാക്കുകൾ ഉൾക്കൊള്ളാൻ എനിക്ക് പ്രയാസമായിരുന്നു. വർഷങ്ങളായി ഞാൻ ആരാധിച്ചിരുന്ന ഒരാളിൽ നിന്ന് ലഭിച്ച പെരുമാറ്റത്തിൽ ഞാൻ ഞെട്ടിപ്പോയി. സ്വയം സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അതെന്നെ അപമാനിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തു.
പക്ഷേ ചിലപ്പോഴൊക്കെ മോശം സംഭവിക്കുന്നത് നല്ലതിനു വേണ്ടിയാണ്. ഞാൻ എപ്പോഴെങ്കിലും ഒരു വലിയ താരമാകുകയാണെങ്കിൽ, എന്നെ ഒരു എളിമയുള്ളവളും നല്ലവനും ആക്കി മാറ്റണമെന്ന് അത് എന്നെ പഠിപ്പിച്ചു. ഒരിക്കലും അത്തരമൊരു വ്യക്തിയാകരുതെന്ന് അതെന്നെ പഠിപ്പിച്ചു. സുഖകരമോ വേദനാജനകമോ ആയ ഓരോ അനുഭവവും വ്യക്തിപരമായ വളർച്ചയ്ക്ക് കാരണമാകും....’ ടീന പറഞ്ഞു. സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് ടീന ഇക്കാര്യം പറഞ്ഞത്.
തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഈ അഭിമുഖത്തിന്റെ പ്രശസ്ത ഭാഗം പങ്കിട്ട് ടീന കുറിച്ചത്, ‘‘ജീവിതത്തിലെ ഓരോ സംഭവവും നിങ്ങളെ ഒരു പാഠം പഠിപ്പിക്കുകയും വളരാൻ സഹായിക്കുകയും ചെയ്യുന്നു. പഠിച്ചതിന് ഞാൻ നന്ദിയുള്ളവളാണ്, പൊതുവേ, ഞാൻ ആരോടും ഒന്നിനോടും എനിക്ക് വെറുപ്പില്ല...’’ എന്നാണ്.






