
അറ്റ്‌ലാന്റ: ചെക്ക് റിപ്പബ്ലിക്കിനെ 1-1 ന് സമനിലയിൽ തളച്ച് ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തി. ആദ്യപകുതിയില്‍ മിഷേല്‍ സാഡിലെക് നേടിയ ഗോളിലൂടെ മുന്നിലെത്തിയ ചെക്കിനെ 83-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ടെബോഹോ മൊകോയേന ദക്ഷിണാഫ്രിക്കയ്ക്ക് സമനില സമ്മാനിച്ചു. 16 വർഷത്തിന് ശേഷമുള്ള ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പ് ഗോളാണിത്.
ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമായി. ഗ്രൂപ്പിലെ മറ്റ് ടീമുകളായ മെക്‌സിക്കോയും ദക്ഷിണ കൊറിയയും രണ്ട് പോയിന്റുമായി മുന്നിലാണ്. അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ദക്ഷിണ കൊറിയയെ നേരിടുമ്പോള്‍, ചെക്ക് റിപ്പബ്ലിക്കിന് ശക്തരായ മെക്‌സിക്കോയാണ് എതിരാളികള്‍. ഗ്രൂപ്പ് എയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്.
കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ആദം ഹ്ലോസെക് നല്‍കിയ ക്രോസ്സ് അലക്‌സാണ്ടര്‍ സോജ്ക പാസ് ചെയ്യുകയും, അത് സ്വീകരിച്ച സാഡിലെക് പന്ത് ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ റോണ്‍വെന്‍ വില്യംസിനെ മറികടന്ന് വലയിലാക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ കളി ജയിക്കാനുള്ള നിരവധി അവസരങ്ങള്‍ ചെക്ക് റിപ്പബ്ലിക് പാഴാക്കിയിരുന്നു. 'ഈ ഫലത്തില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് ഞങ്ങള്‍ക്കായിരുന്നു. ഒരു ഗോള്‍ കൂടി നേടിയിരുന്നെങ്കില്‍ കളി മാറിയേനെ,' ചെക്ക് കോച്ച് മിറോസ്ലാവ് കൗബെക് പറഞ്ഞു.
അറ്റ്‌ലാന്റ ഫാല്‍ക്കണ്‍സിന്റെ അത്യാധുനിക സ്റ്റേഡിയത്തില്‍ എയര്‍കണ്ടീഷണര്‍ സൗകര്യം ഉണ്ടായിരുന്നിട്ടും കളിയിലുടനീളം പ്രഖ്യാപിച്ച ഹൈഡ്രേഷന്‍ ബ്രേക്കുകളെ (വെള്ളം കുടിക്കാനുള്ള ഇടവേളകള്‍) കാണികള്‍ കൂവിവിളിച്ചാണ് എതിരേറ്റത്. മത്സരത്തിന്റെ 83-ാം മിനിറ്റില്‍ തപെലോ മാസെക്കോയുടെ ഷോട്ട് ചെക്ക് താരം പാവല്‍ സുല്‍ക്കിന്റെ കൈയില്‍ തട്ടിയതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച മൊകോയേന 16 വര്‍ഷത്തിന് ശേഷം ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഗോള്‍ കുറിച്ചു. റീലെബോഹില്‍ മൊഫോകെങ്ങിന്റെ ഒരു ഗോള്‍ശ്രമം ചെക്ക് ഗോള്‍കീപ്പര്‍ മാറ്റെജ് കോവാര്‍ തടുത്തതു കൊണ്ടുമാത്രമാണ് മത്സരം സമനിലയില്‍ കലാശിച്ചത്.






