
മയാമി: സ്‌പെയിന് പിന്നാലെ ഉറുഗ്വേയേയും സമനിലയില്‍ കുരുക്കി കേപ്പ് വെര്‍ദേയുടെ സ്വപ്‌നകുതിപ്പ് തുടരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി കേപ് വെര്‍ദേയുടെ ആദ്യ ലോകകപ്പ് ഗോള്‍ 21 ാം മിനിറ്റില്‍ കെവിന്‍ പിനയിലൂടെ എത്തിയപ്പോള്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ഒരു പോയിന്റ് 'ബ്ലൂ ഷാര്‍ക്‌സ്' സ്വന്തമാക്കി. ലാറ്റിനമേരിക്കന്‍ കരുത്തരുമായി 2-2 ന്റെ സമനിലയാണ് കേപ്പ് വെര്‍ദേ നേടിയത്.
ആദ്യ മത്സരത്തില്‍ കരുത്തരായ സ്‌പെയിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച കേപ് വെര്‍ഡെ, തങ്ങള്‍ പ്രതിരോധിക്കാന്‍ മാത്രമല്ല ആക്രമിക്കാനും മിടുക്കരാണെന്ന് തെളിയിച്ചു. മത്സരത്തിന്റെ 21-ാം മിനിറ്റില്‍ ഉറുഗ്വേന്‍ മതിലിനെ ഭേദിച്ച് കെവിന്‍ പിന പായിച്ച ലോങ് റേഞ്ച് ഫ്രീ-കിക്ക് വലയിലെത്തിയപ്പോള്‍ കേപ് വെര്‍ഡെയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോള്‍ പിറന്നു.
ആദ്യ ഗോളിന് ശേഷം കേപ് വെര്‍ഡെ കൂടുതല്‍ ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയതോടെ പ്രതിരോധത്തില്‍ ചില പിഴവുകള്‍ സംഭവിച്ചു. ഇത് മുതലെടുത്ത ഉറുഗ്വേ ആദ്യ പകുതിയില്‍ മാക്‌സി അരൗജോ, അഗസ്റ്റിന്‍ കനോബിയോ എന്നിവരിലൂടെ രണ്ട് ഗോളുകളാണ് മടക്കിയത്. പിന്നിലായി പോയെങ്കിലും തോറ്റുകൊടുക്കാന്‍ കേപ് വെര്‍ഡെ തയ്യാറല്ലായിരുന്നു. രണ്ടാം പകുതിയില്‍ ഉറുഗ്വേ പ്രതിരോധ താരം മത്യാസ് ഒലിവേര വരുത്തിയ ഗുരുതരമായ പിഴവ് മുതലെടുത്ത് ഹീലിയോ വരേല പന്ത് തട്ടിയെടുത്ത്, ഗോള്‍കീപ്പറെയും വെട്ടിച്ച് ശൂന്യമായ വലയിലേക്ക് എത്തിച്ച് ടീമിന് സമനില സമ്മാനിച്ചു.
അവസാന നിമിഷങ്ങളില്‍ സമനിലയ്ക്ക് വേണ്ടി കളിക്കാതെ ജയത്തിനായി കേപ് വെര്‍ഡെ പൊരുതുന്നതാണ് കാണാന്‍ കഴിഞ്ഞത്. രണ്ട് കളികളില്‍ നിന്ന് രണ്ട് പോയിന്റുമായി കേപ് വെര്‍ഡെ മൂന്നാം സ്ഥാനത്താണ്. ശനിയാഴ്ച സൗദി അറേബ്യക്കെതിരെ നടക്കുന്ന അവസാന മത്സരത്തില്‍ ജയിച്ചാല്‍ അവര്‍ക്ക് പ്രീ-ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാം.






