
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ഉണ്ടായിരിക്കുന്ന പ്രഖ്യാപനങ്ങള്‍ സ്വകാര്യമേഖലയെയും കോര്‍പ്പറേറ്റുകളെയും ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ബജറ്റില്‍ പുതിയതായി ഒന്നും തന്നെയില്ലെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറി എത്തിയതാണ് എന്നും നിലവില്‍ ഉണ്ടായിരുന്ന പല പദ്ധതികള്‍ക്കും ഫണ്ട് വെട്ടിക്കുറച്ചെന്നും പറഞ്ഞു.
ക്ഷേമ, വികസന സമീപനം കൈവെടിഞ്ഞെന്നും ധവളപത്രത്തില്‍ പറഞ്ഞിട്ടുളള്ള കാര്യങ്ങള്‍ സ്വകാര്യമേഖലയെ മുന്‍ നിര്‍ത്തിയുള്ളതാണെന്നും വിമര്‍ശിച്ചു. ബജറ്റില്‍ കാണുന്നത് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന കാര്യങ്ങളാണ്. കേരളത്തിന്റെ അപൂര്‍വ്വ ധാതുഖനനങ്ങള്‍ നിറഞ്ഞ തീരദേശങ്ങള്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുക്കാനുള്ള നീക്കമാണ് തീരദേശ പദ്ധതിയെന്നും പറഞ്ഞു.
കേരളത്തിന്റെ നവകേരള സ്വപ്നത്തെ കയ്യൊഴിയുന്ന ബജറ്റാണ് ഇത്. ഇതില്‍ ഭാവി കേരളത്തിനുള്ള ഒരു ബ്ളൂപ്രിന്റുമില്ല. മുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ പേരുമാറ്റി അവതരിപ്പിച്ചിരിക്കുന്നു. ലാകം ശ്രദ്ധിച്ച അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പദ്ധതിയുടെ തുടര്‍ച്ചയായുള്ള ഒരു പ്രഖ്യാപനവുമില്ല. ഭൂപരിഷ്ക്കരണനിയമം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കേരളത്തില്‍ വികസനം കൊണ്ടുവന്ന കിഫ്ബിയുടെ ചിറകരിഞ്ഞു. അതിന് പിന്നിലെ രാഷ്ട്രീയം മനസ്സിലാകും. ലൈഫ് പദ്ധതിയെയും തകര്‍ക്കാന്‍ നോക്കി. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഭവനപദ്ധതി നിലവിലുള്ളതാണ്.
ഹെല്ത്ത്സിറ്റി പ്രഖ്യാപനം തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ആരോഗ്യമേഖലയെ സ്വകാര്യമേഖലയ്ക്ക് തീറെഴുതി നല്‍കാനുള്ള നീക്കമാണ് ഇത്. ആരോഗ്യമേഖലയിലേക്ക് സ്വകാര്യ കമ്പനികളെ മാടി വിളിക്കുന്നതാണ് സമീപനം. ആരോഗ്യമേഖലയെ ശാക്തീകരിക്കാന്‍ വേണ്ട ഒരു കാര്യവും ഇതിലില്ലെന്നും വിമര്‍ശിച്ചു. പല കാര്യങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള രാഷ്ട്രീയത്തിന്റെ ഭാഗമാണ്. കേന്ദ്രസര്‍ക്കാരിന്റെ അവഗണനകളെ കണ്ടില്ലെന്ന് നടിക്കുന്നു.
ആസ്യാന്‍ കരാറിന്റെ തുടര്‍ഫലമായി കാര്‍ഷികമേഖല വലിയ ആഘാതമാണ് നേരിടുന്നത്. അത് കഴിഞ്ഞ ബജറ്റിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആശ്വസനടപടികള്‍ സ്വീകരിച്ചിരുന്നു. റബ്ബര്‍ നാളികേരം പോലെയുള്ള കാര്‍ഷികമേഖലയില്‍ ഒരു ആശ്വാസനടപടിയും ഈ ബജറ്റിലില്ല. ഇത് കാര്‍ഷികമേഖലയെ ഏതെല്ലാം രീതിയില്‍ ബാധിക്കും എന്ന ആശങ്ക ഉയര്‍ത്തിവിടുന്നുണ്ട്. കേരളത്തിലെ സാമ്പത്തീകമേഖല അപകടത്തിലാണെന്ന് പറയാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രി പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞ കാര്യങ്ങളെല്ലാം വിഴുങ്ങിയെന്നും പിണറായി പറഞ്ഞു.






