
കോട്ടയം: രാജ്യത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസില്‍ ഇടനിലക്കാരി വാഴൂര്‍ സ്വദേശിനി മായയ്ക്ക് മുഖ്യപ്രതി മുഹമ്മദ് നജീബ് കല്ലട്രയുമായി അടുത്ത ബന്ധം. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ഇ.ഡി നടത്തിയ പരിശോധനയില്‍ പുളിക്കല്‍ കവലയിലെ മായയുടെ വീട്ടിലും റെയ്ഡുണ്ടായി.
ഇന്നലെ രാവിലെ 6 മുതലാണു പരിശോധന ആരംഭിച്ചത്. അവയവക്കടത്തുമായി ബന്ധപ്പെട്ട് വ്യാജരേഖകള്‍ നിര്‍മ്മിച്ചതിനു മായ(49)യെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ പിടിയിലായ പ്രതികളില്‍നിന്ന് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. നജീബിന്റെ ഫോണ്‍ പരിശോധിച്ചതില്‍നിന്നു കേസില്‍ ഇവരെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം ഇവരെ അറസ്റ്റു ചെയ്തത്. മുംബൈയില്‍നിന്നു വൃക്ക ആവശ്യപ്പെട്ട് എത്തിയയാള്‍ക്കു വേണ്ടിയാണു മായ വ്യാജ രേഖകള്‍ നിര്‍മിച്ചത്. ഇയാള്‍ സ്വന്തം സഹോദരനാണെന്നു വരുത്തിത്തീര്‍ക്കാന്‍ മായയുടെ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനായി വ്യാജ രേഖകള്‍ ഉണ്ടാക്കി.
ഇതിലൂടെ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്ത ശേഷമാണ് അവയവദാനത്തിനുള്ള അനുമതി നേടുന്നതിനായി ജില്ലാ ലെവല്‍ ഓതറൈസേഷന്‍ കമ്മിറ്റിക്കു മുമ്പില്‍ ഇവര്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചത്. ഇവര്‍ സമര്‍പ്പിച്ച വിവരങ്ങള്‍ തെറ്റാണെന്നു കണ്ടെത്തിയിരുന്നു. മുഖ്യപ്രതി നജീബ് വഴി മായ വന്‍തുക കൈപ്പറ്റിയതിന്റെ കൃത്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തെളിവുകളും പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു.
വ്യാജരേഖകള്‍ തയാറാക്കിയിരുന്നത് മുഖ്യപ്രതിയുടെ മേല്‍പ്പറമ്പയിലെ കമ്പ്യൂട്ടര്‍ സെന്റര്‍ കേന്ദ്രീകരിച്ച്. മുഖ്യപ്രതി മുഹമ്മദ് നജീബ് കല്ലട്രയുടെ കാസര്‍ഗോഡ് മേല്‍പ്പറമ്പിലെ വീട്ടില്‍ ഇ.ഡി സംഘം പരിശോധന നടത്തി. നജീബിന്റെ വീട്ടിലും അനുബന്ധ സ്ഥലങ്ങളിലുമായി രേഖകള്‍, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ പരിശോധിച്ചു.
പരിശോധനയുടെ ഭാഗമായി നജീബിന്റെ സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. അവയവക്കടത്തിന്റെ മറവില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ഇ.ഡി അന്വേഷണം ശക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, സ്വത്ത് സമ്പാദനം, ഇടനിലക്കാരുടെ ബന്ധങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അവയവക്കടത്ത് കേസില്‍ നജീബിന്റെ ഭാര്യ റഷീദ ഉള്‍പ്പെടെ ഒന്‍പതോളം പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് റഷീദയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലായി നിരവധി പേരെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണ്. അവയവദാനവുമായി ബന്ധപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍, ബന്ധുത്വം തെളിയിക്കുന്ന രേഖകള്‍, മറ്റ് ഔദ്യോഗിക രേഖകള്‍ എന്നിവ കൃത്രിമമായി നിര്‍മ്മിച്ച് നിയമനടപടികള്‍ മറികടക്കാന്‍ ശ്രമിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ഇടപാടുകളുടെ ഉറവിടം കണ്ടെത്തുന്നതിനും കള്ളപ്പണ വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുമായി ഇ.ഡി അന്വേഷണം ആരംഭിച്ചത്. റെയ്ഡിനിടെ പിടിച്ചെടുത്ത രേഖകളും ഇലക്രേ്ടാണിക് ഉപകരണങ്ങളും വിശദ പരിശോധനയ്ക്ക് വിധേയമാക്കും.
സംസ്ഥാനത്ത് വലിയ വിവാദമായ അവയവക്കടത്ത് കേസിന്റെ സാമ്പത്തിക വശങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍, പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍. പരിശോധന പൂര്‍ത്തിയായ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുകയുള്ളൂ.






