
മൈസൂരു: കർണാടക നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ജെഡിഎസ് സ്ഥാനാർഥി പരാജയപ്പെട്ട സംഭവത്തിൽ തനിക്ക് യാതൊരു അത്ഭുതമോ ആഘാതമോ ഇല്ലെന്ന് മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. സ്വന്തം പാർട്ടിയിലെ ചില എംഎൽഎമാർ പാർട്ടി വിപ്പിന് വിരുദ്ധമായി കോൺഗ്രസ് സ്ഥാനാർഥികൾക്ക് അനുകൂലമായി വോട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന വിവരം മുൻകൂട്ടി ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കുമാരസ്വാമിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ ആരൊക്കെയാണ് വോട്ട് അട്ടിമറിച്ചതെന്ന കാര്യത്തിൽ തനിക്ക് വ്യക്തമായ വിവരങ്ങളുണ്ടെന്നും ഇത് മുൻകൂട്ടി പ്രതീക്ഷിച്ച സംഭവമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ തെരഞ്ഞെടുപ്പ് ഫലമോ വോട്ട് അട്ടിമറിയോ തന്നെ ഞെട്ടിച്ചിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു.
സ്വന്തം എംഎൽഎമാരുടെ നിലവിലെ നിലപാടും പെരുമാറ്റ രീതിയും മനസ്സിലാക്കുന്നതിനായി മാത്രമാണ് ഇത്തവണ പ്രതീകാത്മകമായി ഒരു സ്ഥാനാർഥിയെ മത്സരിപ്പിച്ചതെന്നും കുമാരസ്വാമി വെളിപ്പെടുത്തി.






