
ഈരാറ്റുപേട്ട: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍കല്ലില്‍ രണ്ട് യുവാക്കള്‍ അപകടസാധ്യത അവഗണിച്ച് പാറയുടെ മുകള്‍ഭാഗത്തേക്ക് കയറിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കഴിഞ്ഞദിവസമാണ് സംഭവം.
കുത്തനെയുള്ള പാറയുടെ മുകളില്‍ നിന്ന് ഏറെ പ്രയാസപ്പെട്ടാണ് ഇരുവരും പിന്നീട് താഴെയിറങ്ങിയത്. ഇല്ലിക്കല്‍ കല്ലിന്റെ പിന്‍വശം വഴി അനുമതിയില്ലാതെ നിരവധി പേര്‍ ട്രക്കിങ് നടത്തുന്നതായും ആരോപണമുണ്ട്. ജീവന് ഭീഷണിയാകുന്ന ഇത്തരം സാഹസിക പ്രകടനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അതോടൊപ്പം നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ക്കശ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. പ്രവേശന നിയന്ത്രണവും മുന്നറിയിപ്പ് ബോര്‍ഡുകളും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്.






