
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ മത്സ്യസംസ്‌കരണ കേന്ദ്രത്തിൽ അമോണിയ ഗ്യാസ് ചോർന്നുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 46 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നും ഇവരിൽ ഏഴ് പേരുടെ നില അതീവഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
പെരിയപാളയത്തിന് സമീപം കന്നിഗൈപെയറിലുള്ള സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ സീഫുഡ് എക്‌സ്‌പോർട്ട് കേന്ദ്രത്തിലാണ് അപകടം നടന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് കൂടുതലും അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഗ്യാസ് ചോർച്ചയെ തുടർന്ന് തൊഴിലാളികൾക്ക് ശ്വാസതടസം, തലകറക്കം, ഛർദ്ദി തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
മെഷർ വാൾവിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ആശങ്ക നിലനിൽക്കുന്നു. സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേന (NDRF) എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നിർദേശം നൽകി. മൂന്ന് അംഗ കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറിനകം ഇടക്കാല റിപ്പോർട്ടും മൂന്ന് ദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ് നിർദേശം. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.






