
ന്യൂഡൽഹി: ഫുട്പാത്തിലൂടെ സുരക്ഷിതമായി നടക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ അവകാശം സംരക്ഷിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക നിയമനിർമാണം നടത്തണമെന്നും കോടതി നിർദേശിച്ചു. നടപ്പാതകൾ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നഗരസഭകൾക്കും വ്യക്തമായി നിയമത്തിൽ ഉൾപ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അതുൽ എസ്. ചന്ദൂർക്കറും ഉൾപ്പെട്ട ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. ഭരണഘടനയുടെ അനുച്ഛേദം 19, 21 എന്നിവ ഉറപ്പുനൽകുന്ന സ്വതന്ത്ര സഞ്ചാരാവകാശത്തിന്റെ അവിഭാജ്യഘടകമാണ് നടക്കാനുള്ള അവകാശമെന്ന് കോടതി ചൂണ്ടിക്കാട്ടി. കാൽനടയാത്രക്കാർക്കായി പ്രത്യേകം വേർതിരിച്ച സുരക്ഷിത നടപ്പാതകൾ ഒരുക്കുന്നത് അവരുടെ അവകാശപരിധിയിൽപ്പെടുന്നതാണെന്നും കോടതി വ്യക്തമാക്കി.
റോഡുകൾ നിർമ്മിക്കുമ്പോൾ വാഹനഗതാഗതത്തിന് മാത്രം മുൻഗണന നൽകാതെ കാൽനടയാത്രക്കാർക്കും തുല്യപ്രാധാന്യം നൽകണം. ഒരു റോഡുണ്ടെങ്കിൽ അവിടെ സുരക്ഷിതവും നന്നായി പരിപാലിക്കപ്പെടുന്നതുമായ നടപ്പാതകൾ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ കടമയാണെന്നും കോടതി നിരീക്ഷിച്ചു.
കാൽനടയാത്രക്കാരുടെ അവകാശം ലംഘിക്കപ്പെടുകയാണെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെടാനും ഭരണഘടനാപരവും നിയമപരവുമായ പരിഹാരങ്ങൾ തേടാനും പൗരന്മാർക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
കർണാടകയിൽ അഞ്ചുവയസ്സുകാരൻ വാഹനാപകടത്തിൽ മരിച്ച കേസിലാണ് സുപ്രീംകോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. പിതാവിനൊപ്പം സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെ ടാങ്കർ ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടി പിന്നീട് മരിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിന് അനുവദിച്ച നഷ്ടപരിഹാരത്തുക ഹൈക്കോടതി കുറച്ച നടപടി തെറ്റാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി, നഷ്ടപരിഹാരം 11.44 ലക്ഷം രൂപയായി ഉയർത്തി രണ്ടുമാസത്തിനകം നൽകാൻ ഉത്തരവിട്ടു.
അപകടം നടന്ന സ്ഥലത്ത് നടപ്പാതയോ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യങ്ങളോ ഇല്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ റോഡുകളുടെ വികസനം പ്രധാനമായും മോട്ടോർ വാഹനങ്ങളെ കേന്ദ്രീകരിച്ചായിരുന്നുവെന്നും അതിനാൽ കാൽനടയാത്രക്കാർ അവഗണിക്കപ്പെട്ടുവെന്നും കോടതി വിമർശിച്ചു.
“മനുഷ്യൻ വാഹനങ്ങൾ ഉപയോഗിക്കുന്നതിനുമുമ്പ് തന്നെ നടക്കാൻ തുടങ്ങിയതാണ്. അതിനാൽ വാഹനങ്ങളിൽ സഞ്ചരിക്കാനുള്ള അവകാശത്തേക്കാൾ അടിസ്ഥാനപരമായ അവകാശമാണ് നടക്കാനുള്ള അവകാശം. പൊതുസ്ഥലങ്ങൾ വാഹന ഉടമകളുടെ മാത്രം കുത്തകയാകരുത്. ഗ്രാമങ്ങളിലും നഗരങ്ങളിലും പൊതുസ്ഥലങ്ങൾ എല്ലാവർക്കും തുല്യമായി ലഭ്യമാകണം,” കോടതി അഭിപ്രായപ്പെട്ടു.
സുരക്ഷിതവും തടസ്സരഹിതവുമായ നടപ്പാതകൾ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമായെന്നും സുപ്രീംകോടതി വ്യക്തമാക്കി.






