
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചാ പരാതികള്‍ക്കും പിന്നാലെ ഞായറാഴ്ച നടക്കാനിരിക്കുന്ന നീറ്റ് യു.ജി. പുനഃപരീക്ഷയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) പൂര്‍ത്തിയാക്കി. മുന്‍പുണ്ടായ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത ജാഗ്രതയിലാണ് അധികൃതര്‍. പരീക്ഷാ ക്രമീകരണങ്ങളുടെ അവസാനവട്ട വിലയിരുത്തലുകള്‍ ഉറപ്പാക്കുന്നതിനായി ശനിയാഴ്ച രാജ്യവ്യാപകമായി മോക്ക് ഡ്രില്‍ സംഘടിപ്പിക്കുമെന്നും എന്‍.ടി.എ. അറിയിച്ചു.
പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായി ദേശീയ മെഡിക്കല്‍ കമ്മിഷന് (എന്‍.എം.സി.) മെഡിക്കല്‍ കോളേജുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളിലൊഴികെ യാതൊരു കാരണവശാലും അവധി നല്‍കരുതെന്നാണ് നിര്‍ദ്ദേശം. മുന്‍പ് നടന്ന നീറ്റ് പരീക്ഷകളിലെ തട്ടിപ്പുകളിലും ആള്‍മാറാട്ടത്തിലും ചില മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളായതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ മുന്‍കരുതല്‍ നടപടി.
ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി ഏകദേശം 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. സുതാര്യത ഉറപ്പാക്കാനായി പരീക്ഷാ കേന്ദ്രങ്ങളില്‍ 6,669 പ്രത്യേക നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ കേന്ദ്രീകൃത നിയന്ത്രണ സംവിധാനങ്ങളിലൂടെ പരീക്ഷാ ഹാളുകളില്‍ നിന്നുള്ള തത്സമയ നിരീക്ഷണവും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് 2:00 മണി മുതല്‍ വൈകിട്ട് 5:15 വരെയാണ് പരീക്ഷാ സമയം ക്രമീകരിച്ചിരിക്കുന്നത്. അര്‍ഹരായ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വൈകിട്ട് 6:20 വരെ പരീക്ഷ എഴുതാന്‍ അധിക സമയം അനുവദിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 11:30 മുതല്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഉച്ചയ്ക്ക് 1:30ന് കൃത്യമായി പരീക്ഷാ ഹാളുകളുടെ വാതിലുകള്‍ അടയ്ക്കും. അതിനുശേഷം എത്തുന്ന ഒരു വിദ്യാര്‍ത്ഥിയെയും പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് എന്‍.ടി.എ. വ്യക്തമാക്കി.
പുനഃപരീക്ഷയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളുടെ വിശദാംശങ്ങളും എന്‍.ടി.എ. വിദ്യാര്‍ത്ഥികളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് വാട്സാപ്പ് സന്ദേശങ്ങളായി അയക്കുന്നുണ്ട്. ഇതുവരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാത്തവരെ വാട്സാപ്പ് വഴി ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും, ഇതിനകം ഡൗണ്‍ലോഡ് ചെയ്തവര്‍ വീണ്ടും ചെയ്യേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.






