
പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനം. കൊല്ലപ്പെട്ട യുവതിയുടെ കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ ഏറ്റെടുക്കുമെന്നും അറിയിച്ചു. ഗവിയിലെ പ്രധാന കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും പൊലീസ് ഔട്ട്പോസ്റ്റ് ആരംഭിക്കാനും തീരുമാനമായി. ജനീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.
അതേസമയം, മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കുന്നതിനായി യുവതിയുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച കൂടുതൽ വ്യക്തത ലഭിക്കൂ. യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വിശദ പരിശോധന നടത്തുന്നത്.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് മൃതദേഹം ഗവിയിലെത്തിച്ചു. ഇന്ന് രാവിലെ 10 മണിയോടെ സംസ്കാരം നടക്കും.
ജൂൺ 18-നാണ് ഗവിയിലെ വനമേഖലയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് അങ്കണവാടിയിലേക്ക് പോകുന്നതിനിടെയാണ് യുവതി ആക്രമണത്തിനിരയായതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. യുവതി ജോലിസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാരും വനപാലകരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വള്ളക്കടവ് ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപത്ത് വച്ച് വനപാലകർ കസ്റ്റഡിയിലെടുത്തു. ദൃക്സാക്ഷി പൊലീസിന് നൽകിയ നിർണായക വിവരങ്ങളാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. കേസിൽ അറസ്റ്റിലായ വിനോദ് കുമാറിനെ റാന്നി കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.






