
കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിക്ക് മതിയായ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കാണ് സുരക്ഷ നൽകാനുള്ള നിർദേശം കോടതി നൽകിയത്.
സംസ്ഥാന സർക്കാരിനും എസ്എച്ച്ഒയ്ക്കും പെൺകുട്ടിയുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഹർജി തീർപ്പാക്കുന്നതുവരെ ആവശ്യമായ സുരക്ഷ നൽകണമെന്ന് കോടതി നിർദേശിച്ചു. കേസ് ജൂലൈ 10ലേക്ക് മാറ്റി.
ഹർജിക്കാരിയുടെയും സർക്കാർ അഭിഭാഷകന്റെയും വാദങ്ങൾ പരിഗണിച്ച കോടതി, പ്രാഥമികമായി തന്നെ പെൺകുട്ടിയുടെ ജീവന് സംരക്ഷണം ആവശ്യമാണ് എന്ന നിഗമനത്തിൽ എത്തിയതായി വ്യക്തമാക്കി.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിൽ ഭർത്താവ് മുഹമ്മദ് ഫർഹാൻ നിയമനടപടികൾ നേരിടുകയാണ്. കുടുംബത്തിന്റെ എതിർപ്പിനെ അവഗണിച്ച് നടന്ന വിവാഹം സംബന്ധിച്ചും നിയമപരമായ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന ആരോപണവുമായി പിതാവ് നൽകിയ പരാതിയിൽ മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ മധ്യപ്രദേശ് പൊലീസ് പെൺകുട്ടിയെ തിരികെ കൊണ്ടുപോകാൻ കേരളത്തിലെത്തിയെങ്കിലും നടപടി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടുന്നതിനായി പ്രതി ഫർഹാനും പെൺകുട്ടിയും കോടതിയെ സമീപിച്ചിരുന്നു. പെൺകുട്ടി പ്രായപൂർത്തിയായതായി പ്രാഥമികമായി വ്യക്തമാകുന്നുണ്ടെന്ന് ഹൈക്കോടതി മുൻപ് നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫർഹാന് ഒരു മാസത്തെ ട്രാൻസിറ്റ് ജാമ്യവും അനുവദിച്ചിരുന്നു.
കുംഭമേളയിൽ മാല വിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പെൺകുട്ടി ശ്രദ്ധ നേടിയത്.






