
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനെ (ഡി.എച്ച്.എസ്) ചൊല്ലിയുള്ള തര്‍ക്കങ്ങളും കസേരകളിയും തുടരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും തന്നെ മാറ്റിയ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ ഡോ. കെ.ജെ. റീന ഇന്നും ഡി.എച്ച്.എസ് ആസ്ഥാനത്ത് ജോലിക്കെത്തി. ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ താന്‍ ഓഫീസില്‍ എത്തുമെന്നും ട്രൈബ്യൂണല്‍ ഉത്തരവ് അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഡോ. റീന മാധ്യമങ്ങളോട് പ്രതികരിച്ചു.
കോടതിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും വരേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചാല്‍ അത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും ഡോ. റീന വ്യക്തമാക്കി. ആരുമില്ലാത്തവര്‍ക്കൊപ്പം നീതിന്യായ വ്യവസ്ഥയുണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. ഓഫീസില്‍ തനിക്ക് കുറേയേറെ പെന്‍ഡിങ് ജോലികള്‍ തീര്‍ക്കാനുണ്ടെന്നും അതുകൊണ്ട് നിയമപരമായി മുന്നോട്ട് പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഡോ. വി. മീനാക്ഷി കാര്യങ്ങള്‍ നന്നായി നടത്തുന്നുണ്ടെന്നും അവരാണ് നിലവില്‍ ഡി.എച്ച്.എസ് എന്നുമാണ് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് പ്രതികരിച്ചത്.
നേരത്തെ ഡോ. കെ.ജെ. റീനയെ എറണാകുളം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്നാണ് അഡീഷണല്‍ ഡയറക്ടറായ ഡോ. വി. മീനാക്ഷിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല നല്‍കിയത്. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത അതീവ ഗുരുതരമായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിക്കൊണ്ടുള്ള അടിയന്തിര നടപടിയുണ്ടായത്.
നിപ പോലൊരു അടിയന്തിര സാഹചര്യമുണ്ടായിട്ടും ഡോ. കെ.ജെ. റീന 15 ദിവസം അവധിയെടുത്തു എന്ന് ആരോപിച്ചായിരുന്നു ആരോഗ്യവകുപ്പ് ഇവരെ സ്ഥലം മാറ്റിയത്. എന്നാല്‍, താന്‍ 15 ദിവസം അവധിയെടുത്തിട്ടില്ലെന്നും രണ്ടര ദിവസം മാത്രമാണ് അവധിയിലുണ്ടായിരുന്നതെന്നും വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകള്‍ പുറത്തുവന്നതോടെ സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ഇതേത്തുടര്‍ന്ന്, 15 ദിവസം അവധിയെടുത്തു എന്ന പരാമര്‍ശം ഒഴിവാക്കി പുതിയ ഉത്തരവിറക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ബന്ധിതരായി.
തന്നോട് യാതൊരു കൂടിയാലോചനയുമില്ലാതെയാണ് ആരോഗ്യവകുപ്പ് നടപടിയെടുത്തതെന്ന് ഡോ. റീന ആരോപിച്ചിരുന്നു. ഈ നടപടി നീതി ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് അവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്ഥലം മാറ്റല്‍ ഉത്തരവ് സ്റ്റേ ചെയ്തത്. ട്രൈബ്യൂണല്‍ ഉത്തരവിന്റെ ബലത്തില്‍ ഡോ. റീനയും, സര്‍ക്കാരിന്റെ പിന്തുണയോടെ ഡോ. മീനാക്ഷിയും പദവിയില്‍ തുടരുന്നതോടെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.






