
കോഴിക്കോട്: കൊയിലാണ്ടിയിൽ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് സ്വദേശി സുധ (56)യാണ് മരിച്ചത്. പൊയിൽക്കാവ് ബീച്ച് സമീപം നാലുസെന്റ് കോളനിയിലുള്ള വീടിനോട് ചേർന്ന ഷെഡിലാണ് മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്ന് വാക്കത്തി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് പിന്നിൽ ഭർത്താവ് കൃഷ്ണൻകുട്ടിയാണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ കൃഷ്ണൻകുട്ടിയെ കാണാനില്ലെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
സ്ഥലത്ത് സ്ഥിരമായി കുടുംബപ്രശ്നങ്ങൾ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. വിരലടയാള വിദഗ്ധർ, സയന്റിഫിക് ഉദ്യോഗസ്ഥർ, ഡോഗ് സ്ക്വാഡ് എന്നിവരും പരിശോധനയ്ക്കായി എത്തി.
കൃഷ്ണൻകുട്ടിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.






