
ബെയ്റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കകം തെക്കന്‍ ലെബനനില്‍ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വ്യോമഡ്രോണ് ആക്രമണങ്ങളില്‍ അഞ്ച് പേര് കൊല്ലപ്പെട്ടതായി ലെബനന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. യു.എസും ഖത്തറും മധ്യസ്ഥത വഹിച്ച് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറാണ് ഇതോടെ ലംഘിക്കപ്പെട്ടിരിക്കുന്നത്.
തെക്കന്‍ ലെബനനിലെ നബാതിയ മേഖലയിലെ അറബ്സലിം നഗരത്തിലാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങളും ഡ്രോണുകളും ബോംബാക്രമണം നടത്തിയത്. മേഖലയിലെ നിരവധി ജനവാസ കേന്ദ്രങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായതായും പുലര്‍ച്ചെ മുതല്‍ ശക്തമായ ഷെല്ലാക്രമണം തുടരുന്നതായും ലെബനന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഹിസ്ബുള്ള നടത്തിയ ആക്രമണത്തില്‍ നാല് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു; ഇതിന് പ്രതികാരമായി ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 47 ലെബനന് പൗരന്മാര് കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് സമാധാന ശ്രമങ്ങള്‍ തകര്‍ത്തുകൊണ്ട് വീണ്ടും ആക്രമണമുണ്ടായത്.
നിലവിലുണ്ടായ വെടിനിര്‍ത്തല്‍ ലംഘനത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യമോ ഹിസ്ബുള്ളയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവിഭാഗവും തമ്മിലുള്ള പോര് കനക്കുന്നത് യു.എസും ഇറാനും തമ്മിലുള്ള പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകളെപ്പോലും ബാധിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.






