
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബജറ്റ് കോർപ്പറേറ്റുകൾക്ക് അനുകൂലമായതും അദാനി ഗ്രൂപ്പിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതുമാണെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗം സമ്പൂർണ സ്വകാര്യവത്കരണത്തിനുള്ള ആമുഖമാണെന്ന് വിമർശിച്ച ഗോവിന്ദൻ, പൊതുമേഖല സ്ഥാപനങ്ങൾ ദുർബലപ്പെടുത്തുകയും പൊതുസ്വത്തുകൾ കോർപ്പറേറ്റുകൾക്ക് കൈമാറുകയും ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ആരോപിച്ചു. നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന വി.ഡി. സതീശൻ ഇപ്പോൾ അതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചാർട്ടേഡ് വിമാനത്തിലെ വി.ഡി. സതീശന്റെ യാത്രയെ പരാമർശിച്ചുകൊണ്ട്, സംസ്ഥാനത്തിന്റെ സമ്പത്തുകളും വിഭവങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കങ്ങളുടെ ഭാഗമാണ് അതെന്നും എല്ലാം അദാനിക്ക് വേണ്ടിയുള്ളതാണെന്നും ഗോവിന്ദൻ വിമർശിച്ചു.
സംസ്ഥാനത്തെ ധാതു സംസ്കരണ മേഖല സ്വകാര്യ കുത്തകകൾക്ക് കൈമാറാനുള്ള തീരുമാനമാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭൂപരിഷ്കരണം 2.0 നടപ്പാക്കി ഭൂമിയില്ലാത്തവർക്ക്, പ്രത്യേകിച്ച് പട്ടികവർഗ വിഭാഗങ്ങൾക്ക് ഭൂമി നൽകേണ്ടതിന് പകരം കോർപ്പറേറ്റുകൾക്ക് ഭൂമി കൈമാറാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്വകാര്യവത്കരണം മറച്ചുവയ്ക്കുന്നില്ലെന്ന് പറയുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ പൊതുസമ്പത്തുകൾ വിൽപ്പനയ്ക്ക് വയ്ക്കുകയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇടതുപക്ഷ രാഷ്ട്രീയ ബദലിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് ബജറ്റിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ക്ഷേമപദ്ധതികളിൽ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ വർധിപ്പിച്ചിട്ടില്ലെന്നും, ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് സർക്കാർ അകന്നുനിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും വിമർശിച്ചു.
ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതിക്കായി വെറും 10 കോടി രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നതെന്നും, പദ്ധതിക്ക് മുദ്രാവാക്യങ്ങൾക്കപ്പുറം കാര്യമായ പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണ പ്രതീക്ഷകളെയും ബജറ്റ് തകർത്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
തങ്ങളാണ് യഥാർഥ ഇടതുപക്ഷമെന്ന് പറയുന്ന വി.ഡി. സതീശന്റെയും രാഹുൽ ഗാന്ധിയുടെയും വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.






