
ചെന്നൈ: തമിഴ്നാട്ടിൽ DMK സഖ്യത്തിൽ നിന്ന് മുസ്ലിം ലീഗ് (IUML) പിന്മാറി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ TVKയ്ക്കൊപ്പം തുടരുമെന്ന് പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
കോൺഗ്രസും VCKയും നേരത്തെ തന്നെ സഖ്യത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം ലീഗും പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. ചെന്നൈയിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ 14 പ്രമേയങ്ങൾ പാസാക്കുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലെ സഖ്യസംബന്ധമായ അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ DMK മുസ്ലിം ലീഗിന് രണ്ട് സീറ്റുകൾ അനുവദിച്ചിരുന്നു. പാപനാശം, വാണിയമ്പാടി മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടി ഇരുസീറ്റുകളിലും വിജയിക്കുകയും ചെയ്തു.
1962ലാണ് IUML ആദ്യമായി DMKയുമായി സഖ്യം രൂപീകരിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം പാപനാശം എംഎൽഎ എ.എം. ഷാജഹാൻ, മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന TVK സർക്കാരിൽ മന്ത്രിയായി ഉൾപ്പെട്ടിരുന്നു. നിലവിൽ അദ്ദേഹം ന്യൂനപക്ഷ ക്ഷേമ മന്ത്രിയായി പ്രവർത്തിക്കുകയാണ്.
പുതിയ തീരുമാനം തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.






