
ശിവസേനയ്ക്ക് ഇനി വിഭാഗങ്ങളില്ലെന്നും പാർട്ടി ഒരൊറ്റ ഘടകമായി മാറിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻപ് ശിവസേനയിലെ ഷിൻഡെ വിഭാഗം എന്നറിയപ്പെട്ടിരുന്ന ഭാഗം ഇപ്പോൾ ഔദ്യോഗികമായി പാർട്ടിയുടെ മുഖ്യധാരയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് ഇപ്പോഴത്തെ ശിവസേന അധ്യക്ഷനെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ കോളഹാപൂരിൽ നടന്ന പൊതുറാലിയിലാണ് അമിത് ഷായുടെ പരാമർശം.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ഉണ്ടായ പിളർപ്പിനെ തുടർന്ന് പാർട്ടിയിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ലോക്‌സഭയിലെ ഒമ്പത് എം.പിമാരിൽ ആറുപേർ പ്രത്യേക വിഭാഗമായി മാറി ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഔദ്യോഗിക പാർട്ടി അംഗീകാരം സംബന്ധിച്ചും വിമത എം.പിമാരുടെ അവകാശങ്ങൾ സംബന്ധിച്ചും അവർ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.
ഇവരിൽ ആറുപേരും ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിലേക്ക് ചേരാനാണ് സാധ്യതയെന്നും സൂചനയുണ്ട്. നിലവിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിൽ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നിവരടക്കം മൂന്ന് എം.പിമാരാണ് ബാക്കി നിലനിൽക്കുന്നത്.






