
തിരുവനന്തപുരം: കേരളത്തിലെ കടുത്ത വൈദ്യുതി പ്രതിസന്ധി വരും മാസങ്ങളിലും തുടരുമെന്നും ഡിസംബര്‍ വരെ ഇത് നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും കെഎസ്ഇബി. പ്രതിസന്ധി ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ നിലവിലെ ലോഡ്‌ഷെഡിങ് ഇനിയും നീട്ടേണ്ടി വരുമെന്നും, വില നിയന്ത്രണം മറികടന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടി വരുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ഇക്കാര്യം കെഎസ്ഇബി ഔദ്യോഗികമായി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. നിലവില്‍ യൂണിറ്റിന് 10 രൂപയാണ് വൈദ്യുതി വാങ്ങാനുള്ള ഉയര്‍ന്ന പരിധി. ഈ മാസത്തെ വൈദ്യുതി വിതരണത്തിനായി കെഎസ്ഇബി ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഉയര്‍ന്ന വില നിയന്ത്രണം കാരണം ആരും ബിഡ് സമര്‍പ്പിക്കാന്‍ തയ്യാറായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി തിരിച്ചു നല്‍കേണ്ടി വന്നതും ഡാമുകളില്‍ വെള്ളം കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കിയത്.
ലഭ്യതയിലുണ്ടായ വലിയ കുറവ് കാരണം ജൂണ്‍ 30 വരെ വൈകുന്നേരം 6 മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയങ്ങളില്‍ പരിമിതമായ തോതില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു. പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചതാണ് രാജ്യത്താകെ വൈദ്യുതി ദൗര്‍ലഭ്യം ഉണ്ടാകാന്‍ കാരണം. ഇതോടൊപ്പം, ജൂണ്‍ 16 മുതല്‍ തിരികെ നല്‍കാം എന്ന കരാറില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ഇപ്പോള്‍ തിരിച്ചു നല്‍കേണ്ടി വന്നതും തിരിച്ചടിയായി.
സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ മണ്‍സൂണ്‍ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തിപ്പെടാത്തതിനാല്‍ ചൂടിന് കുറവില്ലെന്നും കെഎസ്ഇബി വിശദീകരിക്കുന്നു. ഇതുമൂലം പരമാവധി 4,100 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകത പ്രതീക്ഷിച്ചിടത്ത് അത് 4,900 മെഗാവാട്ട് വരെയായി ഉയര്‍ന്നു. ഉപയോഗത്തില്‍ മാത്രം 10 ദശലക്ഷം യൂണിറ്റിന്റെ വര്‍ധനവാണുണ്ടായത്. ആഭ്യന്തര ഉത്പാദനം, കേന്ദ്ര വിഹിതം, ദീര്‍ഘകാല കരാറുകള്‍ എന്നിവയിലൂടെയെല്ലാം കൂടി വൈദ്യുതി പൂര്‍ണ്ണതോതില്‍ ലഭ്യമാകുമ്പോഴും പ്രതിദിനം 900 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് നേരിടുന്നത്. പവര്‍ എക്‌സ്‌ചേഞ്ചുകളിലെ വൈദ്യുതി ലഭ്യത അഞ്ച് ശതമാനമായി ചുരുങ്ങിയതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.






