
ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ 'പ്രാണ പ്രതിഷ്ഠാ' ചടങ്ങിനിടെ ഭക്തര്‍ സമര്‍പ്പിച്ച 60 കിലോഗ്രാം വെള്ളി കട്ടകള്‍ കാണാതായതായി റിപ്പോര്‍ട്ട്. രാംലല്ലയ്ക്ക് സമര്‍പ്പിച്ച ഈ വെള്ളി കട്ടകള്‍ ക്ഷേത്രത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. സംഭവം വിവാദമായതോടെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കഴിഞ്ഞ ആറുദിവസമായി അതീവ രഹസ്യമായി അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ വെള്ളി കട്ടകള്‍ എവിടെയാണെന്നതിനെക്കുറിച്ച് ഇതുവരെ ഒരു സൂചനപോലും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
രാജ്യത്തുടനീളമുള്ള സ്വര്‍ണവെള്ളി വ്യാപാരികളുടെ സംഭാവനകള്‍ സ്വീകരിച്ച് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ആണ് ഈ വെള്ളി കട്ടകള്‍ നിര്‍മ്മിച്ചത്. ഇവ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന് കൈമാറിയതിന്റെ കൃത്യമായ രസീത് തങ്ങളുടെ പക്കലുണ്ടെന്ന് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അനുരാഗ് രസ്‌തോഗി വ്യക്തമാക്കി. എന്നാല്‍, ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങുകളിലോ അതിനുശേഷമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലോ ഈ വെള്ളി കട്ടകള്‍ ഉപയോഗിച്ചതായി കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ക്ഷേത്ര രേഖകളില്‍ വെള്ളി കട്ടകളുടെ രസീതോ അവ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതിന്റെ വിവരങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി രാംശങ്കര്‍ യാദവ്, കൃഷ്ണദേവ് തിവാരി എന്നിവരെയും ക്ഷേത്രത്തിലെ നാല് പൂജാരിമാരെയും എസ്‌ഐടി സംഘം ചോദ്യം ചെയ്തു. എന്നാല്‍ കാണാതായ വെള്ളി കട്ടകളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് ക്ഷേത്രത്തിലെ ആഭരണങ്ങളുടെയും വഴിപാടുകളുടെയും ചുമതലയുള്ള കൃഷ്ണദേവ് തിവാരി മൊഴി നല്‍കിയിരിക്കുന്നത്. ലക്‌നൗ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്ത്, ഐജി കിരണ്‍ എസ്, സ്‌പെഷ്യല്‍ സെക്രട്ടറി നീലരതന്‍ കുമാര്‍ എന്നിവരടങ്ങുന്ന മൂന്നംഗ ഉന്നതതല എസ്‌ഐടി സംഘമാണ് ഈ ഗുരുതരമായ കേസ് അന്വേഷിക്കുന്നത്.






