
തൃശൂര്‍: തൃശൂര്‍ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് മര്‍ദനമേറ്റു കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശിയായ ധന്‍പത് നായിക്ക് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ, അസം സ്വദേശികളായ നാല് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ ബിച്ചുനായിക്ക് എന്നയാളാണ് തൃശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇരുനില വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ വീടിന്റെ പിന്‍വശത്തെ വഴിയിലൂടെയാണ് ആളുകളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്.
കഴിഞ്ഞ പതിനെട്ടാം തീയതിയാണ് തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശികളായ കാര്‍ത്തിക് നായിക്, മക്രഹാജി, തൃണാദ് മാദി, ധന്‍പതി നായിക്ക് എന്നിവര്‍ ഈ കേന്ദ്രത്തിലെത്തിയത്. ഇവിടെ വെച്ച് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അവിടെനിന്ന് പുറത്തേക്കിറങ്ങിയ ഇവരെ സംഘം വീണ്ടും അകത്തേക്ക് വിളിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ധന്‍പതി നായിക്കിന്റെ തലച്ചോറിനാണ് ഗുരുതരമായി പരിക്കേറ്റത്.
പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ മാത്രം ലക്ഷ്യമിട്ടാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഒഡീഷ, അസം സ്വദേശികളായ യുവതികളടക്കമുള്ള പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.






