
തിരുവനന്തപുരം: രാജ്യത്ത് ഇടവപ്പാതി വീണ്ടും ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് നിലവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേരളത്തില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. അടുത്ത ഒരാഴ്ചക്കാലം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായിരിക്കും മണ്‍സൂണ്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുകയെന്നും ഇതിന്റെ ഭാഗമായി ജൂണ്‍ 23 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നീ പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ കര്‍ണാടകയില്‍ ജൂണ്‍ 21 മുതല്‍ 25 വരെയും, കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങളില്‍ ജൂണ്‍ 22, 23 തീയതികളിലും അതിശക്തമായ മഴയുണ്ടായേക്കും. ഇതിനുപുറമെ, ലക്ഷദ്വീപില്‍ ജൂണ്‍ 21ഓടെ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും തീരദേശവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.






