
ആലപ്പുഴ: ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബാനറുകളിലെ ലഹരി പ്രൊമോഷനുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്. അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ ടീമുകളുടെ ആരാധകര്‍ സ്ഥാപിച്ച ബാനറുകളില്‍ പ്രമുഖ കായിക താരങ്ങള്‍ ചുരുട്ട് വലിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ പൊതുയിടങ്ങളില്‍ ഉപയോഗിക്കുന്നത് പുകയില നിയന്ത്രണ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ബാനറുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നും ഇത്തരം ചിത്രങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ക്കായി പ്രത്യേക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ താരങ്ങളോടുള്ള ആരാധനയുടെ പേരില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ നേരിട്ടുള്ളതോ പരോക്ഷമായോ ഉള്ള പരസ്യങ്ങളും പ്രചാരണങ്ങളും പ്രദര്‍ശനങ്ങളും നടത്തുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ സ്ഥാപിച്ചിട്ടുള്ള ഇത്തരം പോസ്റ്ററുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യുകയോ, ലഹരി ഉപയോഗം കാണിക്കുന്ന ഭാഗങ്ങള്‍ മറയ്ക്കുന്ന രീതിയില്‍ തിരുത്തലുകള്‍ വരുത്തുകയോ ചെയ്യേണ്ടതുണ്ട്. നിര്‍ദേശം ലംഘിച്ച് മുന്നോട്ട് പോകുന്നവര്‍ക്കെതിരെയും നിയമവിരുദ്ധമായ പോസ്റ്ററുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെയും വരും ദിവസങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ആരോഗ്യവകുപ്പും സംയുക്തമായി നിയമാനുസൃതമായ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.






