
ചിക്കൻ കറിയുടെ അളവ് കുറഞ്ഞതിനെ ചൊല്ലിയ തർക്കം ബാർ ജീവനക്കാരന് നേരെ ക്രൂരമർദനത്തിൽ കലാശിച്ചു. തിരുവനന്തപുരം തിരുവല്ലത്ത് നടന്ന സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതികളായവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
ബൈപ്പാസിന് സമീപത്തെ ബാറിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കോവളം സ്വദേശികളായ ഷാഫിയും യാസീനും ആണ് അറസ്റ്റിലായത്. റൗഡി പട്ടികയിൽ ഉൾപ്പെട്ട ഷാഫിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട ബാറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സ തേടി. അദ്ദേഹത്തിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.






