
തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ശാലിനി സമീപകാലത്തായി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോഴിതാ ഫാദേഴ്‌സ് ഡേയിൽ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
അജിത്തിന്റെയും മക്കളുടെയും ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അജിത്തിനൊപ്പമുള്ള മക്കളുടെ കുട്ടിക്കാലത്തെ ചിത്രവും ഇതിലുൾപ്പെടുന്നു. "ഒരു ദിവസം മാത്രം പോരാ. എല്ലാ അച്ഛന്മാർക്കും ആശംസകൾ. ഹാപ്പി ഫാദേഴ്‌സ് ഡേ" എന്നാണ് ചിത്രങ്ങൾക്കൊപ്പം ശാലിനി കുറിച്ചിരിക്കുന്നത്.
അടുത്തിടെയും മക്കൾക്കൊപ്പം സമയം ചെലവഴിക്കുന്ന അജിത്തിന്റെ ചിത്രങ്ങൾ ശാലിനി പങ്കുവെച്ചിരുന്നു. 'ഡാഡി ടൈം' എന്നായിരുന്നു അന്ന് ചിത്രത്തിന് താരം നൽകിയ അടിക്കുറിപ്പ്.
സിനിമയ്‌ക്കൊപ്പം തന്നെ തന്റെ റേസിംഗ് കരിയറിലും അജിത് ഇപ്പോൾ സജീവമായി ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. റേസിംഗിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ അദ്ദേഹം, റേസിംഗ് സീസണിലെ ഇടവേളകളിൽ മാത്രമാണ് ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നത്.
2000 ഏപ്രിൽ 24 നായിരുന്നു പ്രണയജോലികളായ അജിത്തിന്റെയും ശാലിനിയുടെയും വിവാഹം. അനൗഷ്ക, ആദ്വിക് എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. അതേസമയം അധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി', മഗിഴ് തിരുമേനിയുടെ 'വിടാമുയർച്ചി' എന്നിവയാണ് അജിത്തിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍.






