
ലോകത്തിലെ ഏറ്റവും തിരക്കേറിയതും ആധുനികവുമായ വിമാനത്താവളങ്ങളിലൊന്നാണ് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട്. തിളങ്ങുന്ന മാർബിൾ തറകളും വിദേശ ബ്രാൻഡുകളുടെ ഷോപ്പുകളും ഒക്കെയുള്ള ഈ ആഡംബര ലോകത്ത് ഒരു യാത്രികൻ അപ്രതീക്ഷിതമായി ഒരു അത്ഭുതക്കാഴ്ച കണ്ടു. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഫോമുകൾ പൂരിപ്പിക്കുന്ന കൗണ്ടറിൽ, ഒരു പേനയ്ക്ക് പകരം വെറും ഒരു 'റീഫിൽ' ഒരു പരുക്കൻ കയറിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു. കോടികൾ മുടക്കി പണിത വിമാനത്താവളത്തിലെ ഈ അഞ്ചു രൂപയുടെ സുരക്ഷാ ക്രമീകരണം കണ്ട യാത്രികൻ അത് ക്യാമറയിൽ അതിവേഗം പകര്‍ത്തി.
ഒരു പ്രമുഖ ട്രാവൽ ബ്ലോഗർ പകർത്തിയ ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായി. ഒരു ലക്ഷത്തിലധികം ആളുകളാണ് ഇതിനകം ആധുനിക എയർപോർട്ട് വിദ്യ കണ്ട് ചിരിച്ചു മറിഞ്ഞത്. ഇതോടെ ട്രോളന്മാരും സജീവമായി. ഇന്ത്യക്കാരുടെ 'പേന പോക്കറ്റിലടിക്കുന്ന' ശീലം നന്നായറിയാവുന്നത് കൊണ്ടാണ് വിമാനത്താവള അധികൃതർ ഇത്രയും വലിയ ദീർഘവീക്ഷണം നടത്തിയത് എന്നായിരുന്നു ഭൂരിഭാഗം പേരുടെയും കമന്റുകൾ. അമേരിക്കയിലും യൂറോപ്പിലും പോലും വിമാനത്താവളങ്ങളിൽ ഫോം എഴുതാൻ പേന കിട്ടാറില്ലെന്നും, ഉള്ള ഒരെണ്ണം ആരും കൊണ്ടുപോകാതിരിക്കാൻ ചെയ്ത ഈ ബുദ്ധി അപാരമാണെന്നും ചിലർ ന്യായീകരിച്ചു.
സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ ഒടുവിൽ വിമാനത്താവള അധികൃതർക്ക് തന്നെ നേരിട്ട് രംഗത്തിറങ്ങേണ്ടി വന്നു. തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അവർ പ്രതികരിച്ചത്. ഈ "വലിയ സുരക്ഷാ വീഴ്ച" ശ്രദ്ധയിൽപ്പെടുത്തിയതിന് യാത്രികനോട് അവർ നന്ദി പറയുകയും, ആ പാവം റീഫിൽ അവിടെ നിന്നും അഴിച്ചുമാറ്റിയതായി അറിയിക്കുകയും ചെയ്തു. ഭാവിയിൽ ഇത്തരം 'തനത് വിദ്യകൾ' വിമാനത്താവളത്തിൽ ആവർത്തിക്കാതിരിക്കാൻ ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അങ്ങനെ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ആ 'റീഫിൽ വിപ്ലവത്തിന്' ഒടുവിൽ മുംബൈ എയർപോർട്ടിൽ ശുഭപര്യവസാനമായിരിക്കുകയാണ്.






