
ഫുട്ബോൾ ലോകകപ്പ് ഗാലറിയിൽ വെച്ച് കാമുകിക്ക് മുന്നിൽ മുട്ടുകുത്തി നിന്ന്, ലോകത്തെ ഏറ്റവും റൊമാന്റിക് കാമുകനാകാൻ നോക്കിയതായിരുന്നു ഒരു ഉറൂഗ്വേ ആരാധകൻ. കൈയിൽ തിളങ്ങുന്ന മോതിരവുമായി, ചുറ്റുമുള്ള ബഹളങ്ങളെല്ലാം മറന്ന് പ്രണയാഭ്യർത്ഥന നടത്തുന്നതിനിടയിലാണ് കളി കടുപ്പമാക്കാൻ കളിക്കളത്തിൽ നിന്ന് കേപ് വെർഡെയുടെ വക ഒരു എട്ടിന്റെ പണി വരുന്നത്. ഒരു വശത്ത് പ്രണയത്തിന്റെ മെലഡി നടക്കുമ്പോൾ അപ്പുറത്ത് കേപ് വെർഡെ താരം കെവിൻ പിന ഉറൂഗ്വേയുടെ വല കുലുക്കി!
പിന്നെ ഗാലറിയിൽ നടന്നത് തികച്ചും നാടകീയമായ രംഗങ്ങളായിരുന്നു. ഗോൾ അടിച്ച ആവേശത്തിൽ തൊട്ടടുത്തിരുന്ന കേപ് വെർഡെ ആരാധകർ ചാടിയെഴുന്നേറ്റ് ആർപ്പുവിളിക്കാൻ തുടങ്ങിയതോടെ റൊമാന്റിക് സീൻ ആകെ പാളി. ബഹളത്തിനിടയിൽ ആളുകൾ തള്ളിമറിഞ്ഞതോടെ മുട്ടുകുത്തി നിന്ന കാമുകന്റെയും കാമുകിയുടെയും ബാലൻസ് തെറ്റി. കാമുകി 'യെസ്' എന്ന് പറയേണ്ട സുപ്രധാന നിമിഷം, ചുറ്റുമുള്ളവരുടെ ഗോൾ ആഘോഷത്തിൽ മുങ്ങിപ്പോയ ആ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്.
സ്വന്തം ടീം ഗോൾ വഴങ്ങിയതിന്റെ സങ്കടവും കാമുകിക്ക് മുന്നിൽ പ്ലാൻ ചെയ്ത റൊമാൻസ് പാളിയതിന്റെ ചമ്മലും ആ യുവാവിന്റെ മുഖത്ത് ഒരേസമയം മിന്നിമറയുന്നുണ്ടായിരുന്നു. എങ്കിലും കളിയിൽ ഉറൂഗ്വേയും കേപ് വെർഡെയും 2-2 ന് സമനിലയിൽ പിരിഞ്ഞെങ്കിലും, ആരാധകന്റെ പ്രണയപ്പോരാട്ടം വിജയത്തിലാണ് അവസാനിച്ചത്. ആ ബഹളത്തിനിടയിലും കാമുകി മോതിരം സ്വീകരിച്ചു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ട്വിസ്റ്റുകൾ നിറഞ്ഞതുമായ ഒരു പ്രൊപ്പോസലായി ഇത് മാറിക്കഴിഞ്ഞു.
— EUB (@videosbaldosa) June 22, 2026






