
തന്റെ ശമ്പളത്തിൽ പെട്ടെന്ന് 40 ശതമാനം വർദ്ധനവ് ഉണ്ടായതിനെത്തുടർന്ന്, അധികമായി ലഭിക്കുന്ന തുക എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കണമെന്ന് അറിയാതെ സോഷ്യൽ മീഡിയയുടെ സഹായം തേടിയിരിക്കുകയാണ് ഒരു യുവാവ്. റെഡ്ഡിറ്റ് പ്ലാറ്റ്‌ഫോമിലാണ് പേര് വെളിപ്പെടുത്താത്ത ഈ യുവാവ് തന്റെ സംശയം പങ്കുവെച്ചത്. സാധാരണയായി ശമ്പളം കൂടുമ്പോൾ ആളുകൾ തങ്ങളുടെ ജീവിതശൈലിയിലും വലിയ മാറ്റങ്ങൾ വരുത്താറുണ്ടെങ്കിലും, താൻ അതിന് തയ്യാറല്ലെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.
തനിക്ക് ഇപ്പോൾ ലഭിച്ച ശമ്പള വർദ്ധനവിലൂടെ എല്ലാ മാസവും കൈകളിൽ അധികമായി 45,000 രൂപയോളം വരുന്നുണ്ടെന്ന് യുവാവ് പറയുന്നു. നിലവിലുള്ള തന്റെ ജീവിതച്ചെലവുകളിൽ യാതൊരു മാറ്റവും വരുത്താൻ താൻ ആഗ്രഹിക്കുന്നില്ല. അതായത്, ശമ്പളം കൂടിയതുകൊണ്ട് മാത്രം വിലകൂടിയ സാധനങ്ങൾ വാങ്ങാനോ ആഡംബര ജീവിതം നയിക്കാനോ തനിക്ക് താല്പര്യമില്ല. ഈ അധിക തുക ഭാവിയിലേക്ക് വേണ്ടി കൃത്യമായി നിക്ഷേപിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കുറിച്ചു.
നിലവിൽ തനിക്ക് യാതൊരുവിധ കടങ്ങളോ മറ്റ് ബാധ്യതകളോ ഇല്ലെന്നും യുവാവ് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. പണം കൈകാര്യം ചെയ്യുന്നതിൽ താൻ വളരെ മിതത്വം പാലിക്കുന്ന ആളാണെന്നും, അതിനാൽ ഈ പുതിയ ശമ്പള വർദ്ധനവ് വഴി വരുന്ന പണം എവിടെയെങ്കിലും ഇൻവെസ്റ്റ് ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ തനിക്ക് അനുയോജ്യമായ മികച്ച നിക്ഷേപ മാർഗ്ഗങ്ങൾ ഏതെല്ലാമാണെന്ന് നിർദ്ദേശിക്കാൻ അദ്ദേഹം റെഡ്ഡിറ്റ് ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.
യുവാവിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചു. പലരും അദ്ദേഹത്തിന്റെ ഈ തീരുമാനത്തെയും സാമ്പത്തിക അച്ചടക്കത്തെയും അഭിനന്ദിച്ചു. പണം നിക്ഷേപിക്കാൻ താല്പര്യമുള്ളവർക്കായി മ്യൂച്വൽ ഫണ്ടുകൾ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് , അല്ലെങ്കിൽ ഓഹരി വിപണി തുടങ്ങിയ മികച്ച നിക്ഷേപ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാമെന്ന് പലരും നിർദ്ദേശിച്ചു. ഒരു എമർജൻസി ഫണ്ട് ആദ്യം തന്നെ കരുതിവെക്കാനും ചിലർ അദ്ദേഹത്തെ ഉപദേശിച്ചു.






