
കൊട്ടാരക്കര: നീലേശ്വരം മുക്കോണിമുക്കില്‍ ടിപ്പർ ലോറി ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറിയ നിമിഷങ്ങൾ ഓർക്കാൻ കൂടി വയ്യാതെ ദൃക്സാക്ഷി അഞ്ജലി. ടിപ്പർ പാഞ്ഞുവരുരുന്നത് കണ്ടപ്പോഴേ അടുത്തുള്ള രണ്ട് കുട്ടികളെയും വലിച്ചുകൊണ്ട് ഓടുകയായിരുന്നു ഇവർ. തലനാരിഴ്ക്കാണ് ഇവർ മൂന്നുപേരും രക്ഷപെട്ടത്. സംഭവം വിവരിക്കുമ്പോഴും വലിയൊരു അപകടത്തിനു ദൃക്സാക്ഷിയായതിലുള്ള പകപ്പ് മാറുന്നില്ല.
രണ്ട് റോഡുകൾ കൂടുന്ന സ്ഥലത്തെ വളവിലൂടെ അതിവേഗമെത്തിയ ടിപ്പർ അവിടെയുരുന്ന ഒരു ബൈക്കിൽ ഇടിച്ച ശേഷമാണ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയത്. ടിപ്പറിലെ മണ്ണും ഭിത്തി ഇടിഞ്ഞതും അവിടെ നിന്നവരുടെ ശരീരത്തിലേക്ക് വീഴുന്നതാണ് ഓട്ടത്തിനിടെ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത്. അവിടെ പന്ത്രണ്ടോളം കുട്ടികളുണ്ടായിരുന്നു. അപകടം കണ്ട് പകച്ച അഞ്ജലി ഉടൻ തന്നെ അമ്മയെ വിളിച്ചു വിവരം പറഞ്ഞു. അവർ അയൽക്കാരുമൊത്ത് വരുമ്പോഴേക്കും പൊലീസിനെയും ഫയർഫോഴ്സിനെയും ഫോൺ ചെയ്തു എന്നും അവർ പറഞ്ഞു.
ഏഴ് മണിക്കുള്ള സ്വകാര്യ ബസിൽ അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോകുവാനായി ഇറങ്ങിയതായിരുന്നു അഞ്ജലി. ഇതേ ബസിൽ സ്കൂളിലേക്കും ജോലിക്കു പോകുവാനുമായുള്ളവരാണ് കാത്തിരിപ്പു കേന്ദ്രത്തിലുണ്ടായിരുന്നത്. എന്നാൽ ബസ് 10 മിനിറ്റ് വൈകിയത് കാരണം മൂന്ന് പേരുടെ ജീവൻ നഷ്ടമായി. അപകടത്തിൽപ്പെട്ടവരെല്ലാം അറിയാവുന്നവരായത് അഞ്ജലിക്ക് കൂടുതൽ വിഷമമുണ്ടാക്കുന്നു. എന്നാൽ ദൃക്സാക്ഷിയുടെ സമയോചിതമായ ഇടപെടൽ രണ്ട് ജീവനുകൾ രക്ഷിച്ചു എന്നു മാത്രമല്ല രക്ഷാപ്രവർത്തനങ്ങൾക്ക് വളരെയധികം സഹായകവുമായി.






