
കൊട്ടാരക്കര: നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ മരണപ്പെട്ട സംഭവത്തില്‍ അപകടസമയത്ത് ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് ഹെവിലൈസന്‍സില്ല. ജി പി എസ് മനഃപൂര്‍വം ഓഫാക്കിയിരുന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഗുരുതരമായ കണ്ടെത്തലുകളെ തുടര്‍ന്ന് 17 വര്‍ഷം പഴക്കമുള്ള ടിപ്പറിന്റെ ഫിറ്റ്‌നസ് ആര്‍ടിഒ റദ്ദാക്കി.
ലോറി ഓടിച്ചിരുന്ന ചവറ സ്വദേശിയായ നിസാം ഒരുമാസം മുന്‍പാണ് ഇയാള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. ഇയാള്‍ക്ക് ടിപ്പര്‍ പോലുള്ള വലിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ഹെവി ലൈസന്‍സ് ഉണ്ടായിരുന്നില്ല. മുന്‍പും നിരവധി തവണ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ടിട്ടുള്ള ഈ ലോറിക്ക് 17 വര്‍ഷത്തെ പഴക്കമുണ്ട്. അപകടസമയത്തെ വാഹനത്തിന്റെ വേഗത മറച്ചുവെക്കാനായി ജിപിഎസ് സംവിധാനം ഓഫ് ചെയ്തിരുന്നു. വാഹനത്തിന് ഗുരുതരമായ സാങ്കേതിക തകരാറുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഈ വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. അതേസമയം ഇത്രയും തകരാറുള്ള വാഹനത്തിന് ആരാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ്് ആര്‍ടിഒ. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികള്‍ നേരത്തേ പറഞ്ഞത്.
മണ്ണ് കയറ്റി വന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എട്ട് പേരാണ് അപകടത്തില്‍പ്പെട്ടത്. കുടവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാര്‍ എന്നിവരാണ് മരണമടഞ്ഞത്. വിദ്യാര്‍ത്ഥികളായ കുശാല്‍ (15), ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവര്‍ക്കും ടിപ്പര്‍ ഡ്രൈവര്‍ നിസാമിനും അപകടത്തില്‍ പരിക്കേറ്റു.






