
കൊച്ചി: കെഎസ്ആർടിസിയുടെ സ്ത്രീകൾക്കായുള്ള ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതിന് പിന്നാലെ വിവിധ റൂട്ടുകളിൽ സർവീസ് മുടക്കം പതിവാകുന്നതായി യാത്രക്കാരുടെ പരാതി. എറണാകുളം ബോട്ട് ജെട്ടി സ്റ്റാൻഡിൽ നിന്ന് വരാപ്പുഴ–പറവൂർ–കൊടുങ്ങല്ലൂർ വഴി ഗുരുവായൂരിലേക്കും പൊന്നാനിയിലേക്കും സർവീസ് നടത്തുന്ന ബസുകളാണ് നിരന്തരം ട്രിപ്പ് മുടക്കുന്നതെന്നാണ് ആരോപണം.
പ്രത്യേകിച്ച് വൈകിട്ട് മൂന്ന് മണിക്ക് ശേഷമുള്ള തിരക്കേറിയ സമയങ്ങളിലാണ് സർവീസുകൾ കൂടുതലായും റദ്ദാക്കപ്പെടുന്നതെന്ന് യാത്രക്കാർ പറയുന്നു. ഗുരുവായൂർ, കൊടുങ്ങല്ലൂർ, പൊന്നാനി ഡിപ്പോകളിൽ നിന്നുള്ള ബസുകളാണ് ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നത്. ജോലിക്കാരും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന ഈ സർവീസുകളെ ആശ്രയിക്കുന്നത്.
സാധാരണയായി 10 മുതൽ 20 മിനിറ്റ് വരെ ഇടവേളകളിൽ ബസുകൾ ലഭിക്കാറുണ്ടെങ്കിലും അടുത്തിടെയായി പല സർവീസുകളും മുൻകൂർ അറിയിപ്പില്ലാതെ റദ്ദാക്കപ്പെടുന്നതായി യാത്രക്കാർ ആരോപിക്കുന്നു. ഇതുമൂലം മണിക്കൂറുകളോളം ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
വൈകിട്ട് 4 മണിക്ക് എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന കൊടുങ്ങല്ലൂർ ഡിപ്പോ ബസ് പലപ്പോഴും റദ്ദാക്കപ്പെടുന്നതായി യാത്രക്കാർ പറയുന്നു. 4.10-നുള്ള പൊന്നാനി സർവീസും 4.20-നുള്ള ഗുരുവായൂർ സർവീസും പതിവായി മുടങ്ങുന്നതായും പരാതിയുണ്ട്. ഇതോടെ 3.40-നുള്ള ബസിന് ശേഷം ഗുരുവായൂരിലേക്കുള്ള അടുത്ത സർവീസ് 4.50-നാണ് ലഭിക്കുന്നത്. ഇതുകാരണം പിന്നീട് എത്തുന്ന ബസുകളിൽ അമിത തിരക്ക് അനുഭവപ്പെടുന്നതായും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ സർവീസ് മുടക്കങ്ങൾ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് ആക്ഷേപം. യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാൻ കെഎസ്ആർടിസി അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന ‘പ്രിയദർശിനി’ പദ്ധതി നടപ്പിലാക്കി ഒരാഴ്ച പിന്നിടുന്നതിനിടെയാണ് സർവീസ് മുടക്കവുമായി ബന്ധപ്പെട്ട പരാതികൾ ഉയരുന്നത്.






