
കോഴിക്കോട്: കഠിനമായ വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒമ്പത് വയസുകാരനെ അഡ്മിറ്റ് ചെയ്ത് വിശദമായി പരിശോധിക്കാൻ തയ്യാറായില്ലെന്ന പരാതിയുമായി കുടുംബം. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ചാത്തമംഗലം സ്വദേശിയായ പാർഥിവിനാണ് ദുരനുഭവമുണ്ടായതെന്ന് കുടുംബം പറയുന്നു.
വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ കുട്ടിക്ക് ഗ്യാസിനുള്ള മരുന്ന് മാത്രം നൽകി തിരിച്ചയച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കടുത്ത വേദന മൂലം നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നിട്ടും കുട്ടിയെ അഡ്മിറ്റ് ചെയ്ത് നിരീക്ഷിക്കാനോ കൂടുതൽ പരിശോധനകൾ നടത്താനോ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും അവർ പറയുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സിടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയില്ലെന്നാണ് പരാതി.
തുടർന്ന് വീട്ടിലേക്ക് മടങ്ങിയ കുടുംബം പിറ്റേന്ന് മറ്റൊരു ഡോക്ടറെ സമീപിച്ചു. നടത്തിയ സ്കാനിങ്ങിൽ കുട്ടിയുടെ അപ്പൻഡിക്സ് പൊട്ടി ഗുരുതരമായ അണുബാധയുണ്ടായതായി കണ്ടെത്തി. തുടർന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവന്നു.
സംഭവത്തിൽ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന് കുടുംബം പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു. കൂടാതെ ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണെന്നും കുടുംബം വ്യക്തമാക്കി.






