
കോഴിക്കോട്: ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പ്ലാന്റ് സൂപ്പര്‍ വൈസര്‍ തൂണേരി വെള്ളൂര്‍ സ്വദേശി അര്‍ജുന്‍(29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ റാസ് ലഫാന്‍ വ്യാവസായ കേന്ദ്രത്തിലെ പ്ലാന്റില്‍ സ്‌ഫോടനമുണ്ടായത്.
അറ്റകുറ്റ പ്രവൃത്തികള്‍ക്കിടെയായിരുന്നു പൊട്ടിത്തെറി. അപകടത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 12 പേര്‍ ഇന്ത്യക്കാരാണെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.അപകടത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഖത്തര്‍ അധികൃതരുമായി ചേര്‍ന്ന് പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചിരുന്നു. ബാധിക്കപ്പെട്ട എല്ലാ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഖത്തറിന്റെ പ്രധാന ഗ്യാസ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ക്ക് കനത്ത തകരാര്‍ സംഭവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പ്ലാന്റുകള്‍, യുദ്ധത്തിന് ശേഷമുള്ള സാഹചര്യത്തില്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്രകൃതി വാതകത്തെ മൈനസ് 162 ഡിഗ്രി സെല്‍ഷ്യസിലേക്ക് തണുപ്പിച്ച് ദ്രാവക രൂപത്തിലാക്കുന്ന അതീവ സങ്കീര്‍ണ്ണമായ 'കൂള്‍ഡൗണ്‍' ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറാണ് സ്‌ഫോടനത്തിന് കാരണമായത്.






