
തിരുവനന്തപുരം: അര്‍ദ്ധരാത്രിയിലെ മദ്യഇടപാട് കൊണ്ട് ആര്‍ക്കാണ് നേട്ടം ഉണ്ടായതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അര്‍ദ്ധരാത്രിയിലെടുത്ത ഈ ധൃതിപിടിച്ച തീരുമാനങ്ങള്‍ ആരുടെ പോക്കറ്റുകളാണ് നിറച്ചതെന്നു പറയണമെന്നും മദ്യക്കമ്പനിക്ക് ലാഭമുണ്ടാക്കാന്‍ ഫയല്‍ പെട്ടെന്ന് നീക്കിയെന്നും ആരോപിച്ചു.
മദ്യനയവുമായി ബന്ധപ്പെട്ട നടപടികളുടെ സമയക്രമം പരിശോധിച്ചാല്‍ ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. ഞായറാഴ്ച രാത്രി 10:12 നാണ് മുഖ്യമന്ത്രി ആ ഫയലില്‍ ഒപ്പുവയ്ക്കുന്നത്. തൊട്ടടുത്ത ദിവസം രാവിലെ 8:45-ന് തന്നെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ പാസാക്കി. ജൂണ്‍ 19-ന് നികുതിയിളവ് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി. ജനക്ഷേമ നടപടികളുമായി ബന്ധപ്പെട്ട ഫയലുകള്‍ ആഴ്ചകളും മാസങ്ങളും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുമ്പോഴാണ്, ഒരു ബഹുരാഷ്ട്ര മദ്യക്കമ്പനിക്ക് ലാഭമുണ്ടാക്കുന്ന ഫയല്‍ മിന്നല്‍ വേഗത്തില്‍ നീങ്ങുന്നത്. എന്തിനായിരുന്നു ഇത്ര തിടുക്കമെന്നും നടപടികള്‍ വേഗത്തിലാക്കാന്‍ ആരാണ് ഉത്തരവ് ഇട്ടതെന്ന കാര്യവും ജനങ്ങളോട് വ്യക്തമാക്കണമെന്നും പറഞ്ഞു.
ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അവഗണിച്ച് മദ്യലോബിയെ വഴിവിട്ട് സഹായിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസും സി.പി.എമ്മും ഒന്നാണെന്നും എല്‍.ഡി.എഫ് തുടങ്ങി വച്ച കാര്യങ്ങള്‍ യു.ഡി.എഫ് കൃത്യമായി നടപ്പിലാക്കുകയായിരുന്നു ചെയ്തതെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.






