
പാലക്കാട്: കെഎസ്ആർടിസി ബസ് മോഷണക്കേസിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. മേപ്പറമ്പ് സ്വദേശിയായ ഫാസിലാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. പ്രതിയുമായി ഇന്ന് വൈകിട്ട് തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഡിപ്പോയ്ക്ക് പുറത്തുള്ള പ്രധാന റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസാണ് പ്രതി സ്റ്റാർട്ട് ചെയ്ത് കൊണ്ടുപോയത്. പുലർച്ചെ അഞ്ച് മണിയോടെ ഷെഡ്യൂൾ സർവീസിനായി എത്തിയ ജീവനക്കാർ ബസ് കാണാതായതോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്.
ബസ് മോഷണം പോയെന്ന് തിരിച്ചറിഞ്ഞതോടെ കെഎസ്ആർടിസി ജീവനക്കാർ മറ്റ് വാഹനങ്ങളിൽ ബസിനെ പിന്തുടർന്നു. ജീവനക്കാർ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ പ്രതി പിടിയിലാകുമെന്ന ഭയത്തിൽ നഗരത്തിലെ മംഗളം ടവറിന് സമീപം റോഡരികിൽ ബസ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
പ്രതി ഡിപ്പോയിലെത്തിയത് ബസ് മോഷ്ടിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയാണോ, അതോ മറ്റേതെങ്കിലും ലക്ഷ്യത്തോടെയാണോ വാഹനം കൊണ്ടുപോയതെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. ഡിപ്പോ പരിസരത്തെയും ബസ് ഉപേക്ഷിച്ച മംഗളം ടവർ മേഖലയിലെയും വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.






