
ചെന്നൈ: വിജയ്-തൃഷ വാർത്തകൾ സോഷ്യൽ മീഡിയ എന്നും ചൂടോടെ ചർച്ച ചെയ്യുന്ന വിഷയമാണ്. ഇപ്പോളിതാ തൃഷാ കൃഷ്ണൻ വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്ത വാർത്ത സോഷ്യൽ മീഡിയ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നു. തെന്നിന്ത്യൻ സിനിമാലോകത്തെയും ആരാധകരെയും ഒരേപോലെ അഭ്യൂഹങ്ങളിലാഴ്ത്തുന്നതാണ് തൃഷയുടെ സോഷ്യൽ മീഡിയ നീക്കം. അതേപോലെ അൺഫോളോ ചെയ്ത സമയവും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇരുവരുടെയും വ്യക്തിജീവിതത്തെയും സൌഹൃദത്തെയും കുറിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പലവിധ ഗോസിപ്പുകളും പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് തൃഷയുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു നീക്കമുണ്ടായിരിക്കുന്നത്. വിജയ്‌യുടെ പിറന്നാളിന്റെ തൊട്ടുപിറ്റേന്നാണ് തൃഷ നടനെ അൺഫോളോ ചെയ്ത വിവരം ആരാധകരുടെ ശ്രദ്ധയിൽപ്പെടുന്നത്. മുൻപ് കാണാത്ത അപൂർവ്വ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പുകളും പങ്കുവെച്ചായിരുന്നു സാധാരണയായി എല്ലാ വർഷവും വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ തൃഷ ആശംസകൾ നേരുന്നത്. എന്നാൽ ഇത്തവണ നടിയുടെ ഭാഗത്തുനിന്നും യാതൊരുവിധ പിറന്നാൾ സന്ദേശങ്ങളും ഉണ്ടായില്ല. ഇതാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ എന്തോ മാറ്റം സംഭവിച്ചു എന്ന തരത്തിലുള്ള ചർച്ചകൾക്ക് വഴിമരുന്നിട്ടത്.
തമിഴ് സിനിമയിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ഓൺ-സ്ക്രീൻ ജോഡികളാണ് വിജയ്‌യും തൃഷയും. ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ഗില്ലി' മുതൽ സമീപകാലത്തിറങ്ങിയ 'ലിയോ', 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' വരെയുള്ള ചിത്രങ്ങളിലെ ഇവരുടെ കെമിസ്ട്രി പ്രേക്ഷകർ ഏറെ ഏറ്റെടുത്തതാണ്. വിജയ്‌യുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുനാളുകളായി പ്രചരിക്കുന്ന വാർത്തകളിലേക്ക് തൃഷയുടെ പേരും വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. എന്നാൽ ഉയർന്നുവന്ന യാതൊരുവിധ അഭ്യൂഹങ്ങളോടും പ്രതികരിക്കാതെ ഇരുവരും ഇതുവരെ കടുത്ത മൗനത്തിലാണ്.
സോഷ്യൽ മീഡിയയിലെ ചർച്ചകൾ കൊഴുക്കുമ്പോഴും ഇരുതാരങ്ങളും തങ്ങളുടെ കരിയറുമായി മുന്നോട്ട് പോവുകയാണ്. സൂര്യയ്ക്കൊപ്പം അഭിനയിച്ച 'കറുപ്പ്' എന്ന ചിത്രമാണ് തൃഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ആർ.ജെ ബാലാജി സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാണ് കൈവരിച്ചത്. ഇന്ദ്രൻസ്, അനഘ മായ രവി, നട്ടി സുബ്രഹ്മണ്യം, ശിവദ, സ്വാസിക, സുപ്രീത് റെഡ്ഡി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. അതേസമയം, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനായി വിജയ് സിനിമയിൽ നിന്നും താൽക്കാലിക ഇടവേള എടുത്തിരിക്കുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത വിജയ്‌യുടെ അവസാന ചിത്രം 'ജനനായകൻ' ഇപ്പോഴും സിനിമാലോകത്തെ പ്രധാന ചർച്ചയാണ്.
ഇതിനിടെ, വിജയ്‌യുടെ ഭാര്യ സംഗീത ലണ്ടനിൽ നിന്ന് ചെന്നൈയിൽ മടങ്ങിയെത്തിയിരുന്നു. ഇത് വിജയ്‌യുടെ അമ്മയുടെ പരിശ്രമം മൂലമാണെന്നും ഇരുവരും പിണക്കം മറന്ന് ഒരുമിക്കാൻ പോവുകയാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.






