
കഴിഞ്ഞ ജൂൺ 21 നായിരുന്നു ലോകമെമ്പാടും ഫാദേഴ്‌സ് ഡേ ആഘോഷിച്ചത്. നിരവധി താരങ്ങളാണ് ഈ ദിനത്തിൽ തങ്ങളുടെ അച്ഛന്മാർക്ക് ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചത്. ഇപ്പോഴിതാ തിരക്കുകള്‍ കാരണം അല്പം വൈകിയാണെങ്കിലും, തന്റെ പ്രിയപ്പെട്ട അപ്പ കമല്‍ ഹാസന് ഫാദേഴ്‌സ് ഡേ ആശംസകളുമായി എത്തിയിരിക്കുകയാണ് മകളും നടിയുമായ ശ്രുതി ഹാസൻ. കമൽഹാസനൊപ്പമുള്ള മൂന്ന് മനോഹരമായ ചിത്രങ്ങളാണ് ശ്രുതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. സ്നേഹത്തോടെ 'പൂക്കി അപ്പാ' എന്നാണ് ശ്രുതി തന്റെ അപ്പയെ വിശേഷിപ്പിച്ചിരിക്കുന്നത്.
"അച്ഛനോടൊപ്പം വൈകിയുള്ള ഫാദേഴ്‌സ് ഡേ ഒത്തുചേരൽ" എന്ന് കുറിച്ചുകൊണ്ട് പങ്കുവെച്ച ചിത്രങ്ങളും അതിനൊപ്പമുള്ള കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ മനം കവരുകയാണ്. ലോകപ്രശസ്തനായ നടൻ എന്നതിലുപരി ഒരു അച്ഛൻ എന്ന നിലയിൽ കമൽഹാസൻ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ശ്രുതിയുടെ വാക്കുകളിൽ വ്യക്തമാണ്.
"അപ്പാ, നിങ്ങളെ ഞാൻ ചന്ദ്രനോളവും അതിനപ്പുറവും സ്നേഹിക്കുന്നു! നിങ്ങളെക്കുറിച്ച് എനിക്ക് ഒത്തിരി അഭിമാനമുണ്ട്. നിങ്ങളുടെ മൃദുവായ ഹൃദയവും തിളക്കമാർന്ന ബുദ്ധിയും നിങ്ങളിലുള്ള മറ്റെല്ലാ മാന്ത്രികതയും എന്നെ അത്ഭുതപ്പെടുത്താറുണ്ട്," ശ്രുതി കുറിച്ചു. ഇൻസ്റ്റാഗ്രാമിൽ പ്രിയപ്പെട്ടവരെ വിളിക്കാൻ ഉപയോഗിക്കുന്ന ട്രെൻഡിങ് വാക്ക് ചേർത്തുകൊണ്ട് പൂക്കിഅപ്പാ എന്ന ഹാഷ്‌ടാഗും താരം ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ശ്രുതിയെക്കൂടാതെ അക്ഷര ഹാസൻ എന്നൊരു മകൾ കൂടി കമൽഹാസനുണ്ട്. പ്രശസ്ത നടി സരികയാണ് ഇരുവർക്കും അമ്മ. 1988-ൽ വിവാഹിതരായ സരികയും കമൽഹാസനും 2004-ലാണ് നിയമപരമായി വേർപിരിഞ്ഞത്.
അതേസമയം സിനിമയിലും ശ്രുതി ഹാസൻ ഇപ്പോൾ സജീവമാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം 'കൂലി' എന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്. കൂടാതെ, അടുത്തിടെ പുറത്തിറങ്ങിയ രാം ചരൺ ചിത്രം പെദ്ദിയിലെ ഒരു തകർപ്പൻ ഡാൻസ് നമ്പറിലും ശ്രുതി പ്രത്യക്ഷപ്പെട്ടിരുന്നു.
പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് ആരാധകരും സിനിമാ ലോകത്തെ പ്രമുഖരും ചിത്രത്തിന് താഴെ സ്നേഹമറിയിച്ച് കമന്റുകളുമായി എത്തുന്നുണ്ട്.






