
അറ്റ്ലാന്റ: ഗോളുകളുടെ മഴ പെയ്ത മത്സരത്തില്‍ 52 വര്‍ഷത്തിന് ശേഷം ഹെയ്തിയുടെ ആദ്യ ലോകകപ്പ് ഗോള്‍ ഓണ്‍ ഗോളിലൂടെ പിറന്നെങ്കിലും ശക്തമായി തിരിച്ചടിച്ച് മൊറോക്കോ തകര്‍പ്പന്‍ ജയം നേടി. രണ്ടിനെതിരേ നാലുഗോളുകള്‍ക്കായിരുന്നു മൊറോക്കോയുടെ ജയം. അറ്റ്ലാന്റയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ അവസാന നിമിഷങ്ങളില്‍ സുഫിയാന് റഹീമിയും ഗെസ്സൈം യാസിനും നേടിയ ഗോളുകളുടെ കരുത്തില്‍ ഹെയ്തിയുടെ കന്നി ലോകകപ്പ് പോയിന്റ് സ്വപ്നങ്ങളെ മൊറോക്കോ തകര്‍ത്തു.
ആദ്യഗോള്‍ ഓണ്‍ഗോളായി മാറി പിന്നില്‍ പോയ മൊറോക്കോ അഷ്റഫ് ഹക്കീമിയിലൂടെ മൊറോക്കോ സമനില പിടിച്ചു തിരിച്ചുവരികയായിരുന്നു. വില്യം ഇസിദോറിന്റെ മനോഹരമായ ലോങ്റേഞ്ചര്‍ ഗോളില്‍ ഹെയ്തി വീണ്ടും മുന്നിലെത്തി. ടൂര്‍ണമെന്റിലെ തന്റെ മൂന്നാം ഗോളിലൂടെ ഇസ്മായില്‍ സൈബാരി മൊറോക്കോയെ വീണ്ടും സമനിലയിലെത്തിച്ചു. കടുത്ത മത്സരം നടന്ന കളിയില്‍ അവസാന നിമിഷങ്ങളില്‍ സുഫിയാന് റഹീമിയും ഗെസ്സൈം യാസിനും നേടിയ ഗോളുകളോടെ ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായി മൊറോക്കോ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
2022-ലെ ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ മൊറോക്കോ ഇനി പ്രീ-ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സ്, ജപ്പാന് അല്ലെങ്കില്‍ സ്വീഡന് എന്നിവരില്‍ ആരെങ്കിലുമായി ഏറ്റുമുട്ടും. ലോക റാങ്കിംഗില്‍ 83-ാം സ്ഥാനത്തുള്ള ഹെയ്തി രണ്ടുതവണ മുന്നിലെത്തുകയും തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ ആകെ ഗോളുകളുടെ എണ്ണം ഇരട്ടിയാക്കുകയും ചെയ്തിട്ടും അവര്‍ക്ക് ഈ രാത്രി നിരാശയുടേതായി മാറി.
സ്കോട്ട്ലന്‍ഡിനോടും ബ്രസീലിനോടും തോറ്റതോടെ ഹെയ്തി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ലെനി ജോസഫിന്റെ ഫ്ലിക്ക് മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന് ബോണോയുടെ ദേഹത്ത് തട്ടി വലയില്‍ കയറി. 52 വര്‍ഷത്തിന് ശേഷമുള്ള ഹെയ്തിയുടെ ആദ്യ ലോകകപ്പ് ഗോളായിരുന്നു. പത്താം മിനിറ്റില്‍ പിറന്ന ആ ഗോള്‍ ഒരു 'ഓണ്‍ ഗോള്‍' ആയി രേഖപ്പെടുത്തി. എന്നാല്‍ 39-ാം മിനിറ്റില്‍ പിഎസ്ജി താരം അഷ്റഫ് ഹക്കീമി മൊറോക്കോയ്ക്ക് സമനില സമ്മാനിച്ചു. ബ്രാഹിം ഡയസിന്റെ ഷോട്ട് ഹെയ്തി കീപ്പര്‍ ജോണി പ്ലാസിഡിന്റെ കൈകളില്‍ തട്ടി തെറിച്ച പന്ത് ഹക്കീമി വലയിലാക്കുകയായിരുന്നു.
തുടര്‍ന്ന് ഹാഫ് ടൈമിന് രണ്ട് മിനിറ്റ് മുന്‍പ്, സ്ട്രൈക്കര്‍ വില്‍സണ്‍ ഇസിദോര്‍ 25 വാര അകലെ നിന്ന് തൊടുത്ത വെടിയുണ്ട പോലുള്ള ഷോട്ട് പോസ്റ്റിന്റെ ടോപ്പ് കോര്‍ണറിലേക്ക് തുളച്ചുകയറി. ഇത് ഹെയ്തി ആരാധകരെ ആവേശക്കടലിലാക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഹക്കീമിയുടെ പാസില്‍ നിന്ന് സൈബാരി ടൂര്‍ണമെന്റിലെ തന്റെ മൂന്നാം ഗോള്‍ നേടി മൊറോക്കോയെ വീണ്ടും സമനിലയിലെത്തിച്ചു.
ഹെയ്തി കീപ്പര്‍ പ്ലാസിഡ് മികച്ച പല സേവുകളിലൂടെയും മൊറോക്കോയെ തടഞ്ഞുനിര്‍ത്തിയെങ്കിലും, ഹെയ്തി ഡിഫന്‍ഡര്‍ റിക്കാര്‍ഡോ അഡെയുടെ ദേഹത്ത് തട്ടി തിരിഞ്ഞുപോയ പകരക്കാരന് താരം റഹീമിയുടെ ഷോട്ട് തടയാന്‍ അദ്ദേഹത്തിനായില്ല. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍, റഹീമി നല്കിയ പാസ് യാസിന് ഗോളാക്കി മാറ്റി. പന്ത് ലൈന്‍ കടന്നിരുന്നോ എന്ന് വീഡിയോ അസിസ്റ്റന്റ് റഫറി പരിശോധിച്ച ശേഷമാണ് ഗോള്‍ അനുവദിച്ചത്. മൈതാനത്തെ മികച്ച പോരാട്ടത്തിനൊപ്പം ഗാലറിയിലെ ആരാധകരുടെ ആവേശവും ചേര്‍ന്നപ്പോള്‍ മത്സരം ഒരു മികച്ച കായികവിരുന്നായി മാറി.
ഹെയ്തി ഗ്രൂപ്പ് സിയില്‍ അവസാന സ്ഥാനക്കാരായി പുറത്തായി. അതേസമയം രണ്ടാം സ്ഥാനക്കാരായ മൊറോക്കോ, ജൂണ്‍ 30 ചൊവ്വാഴ്ച മെക്സിക്കോയിലെ എസ്റ്റാഡിയോ മോണ്ടെറെയില്‍ നടക്കുന്ന പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സ്, ജപ്പാന് അല്ലെങ്കില്‍ സ്വീഡന് എന്നിവരില്‍ ഒന്നിനെ നേരിടും.






