
രണ്ടാം വിവാഹ വാർഷികം ആഘോഷമാക്കി ബോളിവുഡ് താരം സൊനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും. തായ്ലൻഡിലെ പ്രശസ്തമായ ഫുക്കറ്റ് ബീച്ച് റിസോർട്ടിൽ വെച്ചായിരുന്നു ദമ്പതികളുടെ സ്വകാര്യ ആഘോഷങ്ങൾ. ഇരുവരുടെയും ആഘോഷത്തിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കടൽത്തീരത്തെ സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തിൽ പകർത്തിയ ചിത്രങ്ങൾ സൊനാക്ഷി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. വെള്ള വസ്ത്രങ്ങൾ ധരിച്ച് കടൽത്തീരത്ത് നിൽക്കുന്ന ചിത്രങ്ങളും, സ്വകാര്യ ഡിന്നർ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. സഹീർ മണലിൽ മുട്ടുകുത്തി സൊനാക്ഷിയുടെ കൈകളിൽ പിടിച്ച് പ്രൊപ്പോസ് ചെയ്യുന്ന രീതിയിലുള്ള ചിത്രം ആരാധകരുടെ മനസ്സ് കവർന്നു കഴിഞ്ഞു.
"ആകാശം ഞങ്ങളുടെ രണ്ടാം വാർഷികം ഞങ്ങളോടൊപ്പം ആഘോഷിച്ചു..." എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സൊനാക്ഷി കുറിച്ചത്. ലളിതവും മനോഹരവുമായ ഇവരുടെ വാർഷിക ചിത്രങ്ങൾക്ക് താഴെ സിനിമാ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.
അടുത്തിടെയായിരുന്നു സൊനാക്ഷി തന്റെ 39-ാം പിറന്നാൾ ആഘോഷിച്ചത്. ഭർത്താവ് സഹീർ ഇഖ്ബാലിനും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം യുകെയിലായിരുന്നു താരത്തിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷങ്ങൾ. ഈ ആഘോഷത്തിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും നടി ആരാധകർക്കായി പങ്കുവെച്ചിരുന്നു.
ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2024 ജൂൺ 23-നായിരുന്നു സൊനാക്ഷിയും സഹീറും വിവാഹിതരായത്. മുംബൈയിലെ സൊനാക്ഷിയുടെ വസതിയിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ലളിതമായ രജിസ്റ്റർ വിവാഹമായിരുന്നു ഇവരുടേത്. തുടർന്ന് സിനിമാ ലോകത്തെ പ്രമുഖർക്കായി വമ്പൻ റിസപ്ഷനും താരങ്ങൾ ഒരുക്കിയിരുന്നു.






