
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് വിഷയം മുഖ്യമന്ത്രി വി.ഡി സതീശന് വിനയാവുന്നു. നികുതി ഇളവിനുള്ള തീരുമാനം പിൻവലിക്കണമെന്നും പിൻവാതിൽ നടപടി പാടില്ലെന്നും പ്രകടനപത്രികയിലെ ഉറപ്പ് പാലിക്കണമെന്നും വിഎം സുധീരൻ ആവശ്യപ്പെട്ടു. സുധീരന്റെ കടുത്ത വിമർശനത്തോടെ നികുതി നിർദേശം ബജറ്റിൽ തിരുകിക്കയറ്റിയതാണെന്ന പ്രതിപക്ഷ ആരോപണത്തിനു കരുത്ത് കൂടുകയാണ്.
ചർച്ച നടത്തിയ ശേഷം നയത്തിനു രൂപം കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഇല്ലാതാകുമായിരുന്നു. സമൂഹത്തിൽ മദ്യവ്യാപനത്തെക്കുറിച്ച് ഉയർന്നു വന്നിട്ടുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന സ്ഥിതിയിൽ ബജറ്റ് നിർദേശം പിൻവലിക്കണം. ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ നിർദേശം ഒഴിവാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
കേരളത്തിൽ കൃത്യമായി എത്ര ബാർ ഉണ്ടെന്ന് ഇനിയും പുറത്തു വരേണ്ടതുണ്ട്. മദ്യവ്യാപനം തടയുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതേസമയം, ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് വിഎം സുധീരൻ പറഞ്ഞു. ലഹരിക്ക് എതിരായ ഓപ്പറേഷൻ തൂഫാൻ പദ്ധതിയെ പ്രശംസിക്കുകയും ചെയ്തു.
ആലപ്പുഴ തീരത്ത് ഒരുതരത്തിലുള്ള ഖനനവും ഉണ്ടാകില്ല എന്ന് സർക്കാർ പ്രഖ്യാപിച്ചേ മതിയാകൂ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രതികരണത്തിൽ അവ്യക്തതയുണ്ട്. ആലപ്പുഴ തീരദേശത്തെ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്നും അദേഹം പറഞ്ഞു. കരിമണൽ കർത്ത ആയാലും അദാനി ആയാലും തീരദേശത്ത് കരിമണൽ ഖനനം അനുവദിക്കരുത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമേഖലയ്ക്ക് ആണ് ഖനനം എന്നായിരുന്നു പറഞ്ഞത്. പിന്നീട് അത് സ്വകാര്യമേഖലയിൽ ഉള്ളവർ ഖനനം നടത്തുന്ന സ്ഥിതിയായി. ഇത് മുഖ്യമന്ത്രിയും സർക്കാരും ആലോചിക്കണമെന്ന് വി എം സുധീരൻ പറഞ്ഞു.
തുടക്കത്തിൽ ജനകീയ മുഖ്യമന്ത്രി എന്ന ഗ്ലാമർ നിലനിർത്തിയ മുഖ്യൻ, ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്ന നിർദേശം ബജറ്റിൽ ഉൾപ്പെടുത്തിയതോടെ മുന്നണിയിയിൽ നിന്നും പാർട്ടിയിൽ നിന്നും പ്രതിപക്ഷത്തു നിന്നും വിമർശനം ഏറ്റുവാങ്ങുകയാണ്.






