
പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യം വിഷയത്തിൽ മുന്നണിക്കകത്ത് പ്രശ്നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. വിഎം സുധീരൻ ഉന്നയിച്ചത് ആശയപരമായ വിഷയമാണെന്നും, മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചതോടെ വിഷയം അവസാനിച്ചതായും മന്ത്രി പറഞ്ഞു.
“ഇത് വീണ്ടും ആരെങ്കിലും ചർച്ച ചെയ്യണമെങ്കിൽ ചെയ്യാം. സർക്കാരിനെ സംബന്ധിച്ച് ആ വിഷയം തീർന്നതാണ്,” എന്നും അദ്ദേഹം വ്യക്തമാക്കി. വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്ന് എവിടെയും വിമർശനം ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ വേണ്ടയോ എന്നത് യു.ഡി.എഫ് തീരുമാനിക്കുമെന്നും, കൂട്ടായ തീരുമാനമുണ്ടെങ്കിൽ മാത്രമേ അത് നടപ്പാക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. ആരോപണങ്ങൾ ഭയന്ന് സർക്കാർ പിന്മാറില്ലെന്നും, പൊതുവായ അഭിപ്രായം വിൽപ്പനയ്‌ക്ക് എതിരാണെങ്കിൽ അത് നടപ്പാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് ഏർപ്പെടുത്തിയ നികുതി സ്ലാബിനെതിരെ വിഎം സുധീരൻ വീണ്ടും വിമർശനവുമായി രംഗത്തെത്തി. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുൻപേ തന്നെ പാർട്ടിയിലും യു.ഡി.എഫിലും വിഷയം ചർച്ച ചെയ്യേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നയരൂപീകരണത്തിന് മുൻപ് ചർച്ചകൾ നടന്നിരുന്നെങ്കിൽ നിലവിലെ വിവാദങ്ങൾ ഒഴിവാക്കാനായേനെയെന്ന് സുധീരൻ പറഞ്ഞു. മദ്യവ്യാപനം തടയുന്നതിൽ മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽ വിഷയങ്ങൾ കൊണ്ടുവന്നിരുന്നുവെന്നും, എന്നാൽ സമൂഹത്തിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ നിർദേശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട സുധീരൻ, സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന തീരുമാനങ്ങൾ ഒഴിവാക്കണമെന്നും പറഞ്ഞു. മയക്കുമരുന്ന് നിയന്ത്രണത്തിൽ ആഭ്യന്തര വകുപ്പ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കരിമണൽ ഖനന നയത്തിലും അവ്യക്തതയുണ്ടെന്നും, ഖനനം ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമായി പ്രഖ്യാപിക്കണമെന്നും വിഎം സുധീരൻ ആവശ്യപ്പെട്ടു.






