
ന്യൂഡൽഹി: ആമസോൺ സിഇഒ ആൻഡി ജാസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ പ്രവർത്തനങ്ങളോടുള്ള ദീർഘകാല പ്രതിബദ്ധത ആവർത്തിച്ച അദ്ദേഹം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി 2030-നകം 13 ബില്യൺ യുഎസ് ഡോളർ അധികമായി നിക്ഷേപിക്കുമെന്ന് അറിയിച്ചു.
ഇതോടെ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 35 ബില്യൺ ഡോളർ ഉൾപ്പെടെ 2026 മുതൽ 2030 വരെയുള്ള കാലയളവിലെ ആമസോണിന്റെ ആകെ നിക്ഷേപം 48 ബില്യൺ ഡോളറിലെത്തുമെന്ന് കമ്പനി വ്യക്തമാക്കി.
ഇന്ത്യ ക്ലൗഡ്, എഐ സാങ്കേതികവിദ്യകളുടെ പ്രധാന ആഗോള കേന്ദ്രമായി വളരുകയാണെന്നും ഈ മേഖലയിലെ ആവശ്യകത രാജ്യത്ത് വൻതോതിൽ ഉയരുകയാണെന്നും ആൻഡി ജാസി പറഞ്ഞു. ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തെയും അദ്ദേഹം പ്രശംസിച്ചു.
2010 മുതൽ 2030 വരെയുള്ള കാലയളവിൽ ആമസോൺ ഇന്ത്യയിൽ നടത്തുന്ന ആകെ നിക്ഷേപം 88 ബില്യൺ ഡോളറിലേറെ ആകുമെന്നും കമ്പനി അറിയിച്ചു. 2010 മുതൽ ഇതുവരെ 40 ബില്യൺ ഡോളറാണ് ഇന്ത്യയിൽ നിക്ഷേപിച്ചിട്ടുള്ളത്.






