
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് ആരോപണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സി.ബി.ഐ അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ച പൊതുതാൽപര്യ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. ഹർജി ജൂൺ 29ന് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളിലും ഭരണനിർവഹണത്തിലും ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേഷ് കുമാർ യാദവ് എന്നിവർ സമർപ്പിച്ച ഹർജിയിലാണ് സി.ബി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹർജിക്ക് നമ്പർ നൽകിയിട്ടുണ്ടെങ്കിലും വിചാരണ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. നടപടിക്രമങ്ങളിലെ അപാകതകളൊന്നുമില്ലെങ്കിൽ രജിസ്ട്രി ഹർജി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ജൂൺ 29ന് വിഷയം വീണ്ടും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ബെഞ്ച് നിർദേശിക്കുകയായിരുന്നു.
ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും ട്രസ്റ്റിനും ആവശ്യമായ മേൽനോട്ട, നിയന്ത്രണ, ഓഡിറ്റ് സംവിധാനങ്ങൾ നടപ്പാക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സംഭാവനാ തുകകളുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആരോപണങ്ങൾ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ പരിശോധിക്കണമെന്നും ഹർജിക്കാർ വാദിക്കുന്നു.
നിലവിൽ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നതെന്നും, സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വൈദഗ്ധ്യമുള്ള ഏജൻസിയുടെ അന്വേഷണം കൂടുതൽ വിശ്വാസ്യത ഉറപ്പാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അയോധ്യ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകൾ ദുരുപയോഗം ചെയ്തെന്ന ആരോപണത്തെ തുടർന്ന് ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന പ്രകാരമാണ് ജൂൺ 13ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ എന്നിവരാണ് സംഘത്തിലെ അംഗങ്ങൾ.






