
ഫുട്ബോള്‍ തരംഗത്തിലും ആവേശത്തിലും മുഴുകിയിരിക്കുകയാണ് കായികപ്രേമികള്‍. തങ്ങള്‍ ആരാധിക്കുന്ന ടീമംഗങ്ങള്‍ പായിക്കുന്ന ഓരോ ഗോളിനും വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. കാല്‍പ്പന്തുകളിയില്‍ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ നെയ്മർ ജൂനിയറിന്റെ തിരിച്ചുവരവിനും ഈ ലോകകപ്പ് മൈതാനി സാക്ഷിയായി. ഫുട്ബോൾ മൈതാനങ്ങളിലേക്ക് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നു പൊങ്ങുകയായിരുന്നു ബ്രസീൽ സൂപ്പർ താരം. പരിക്ക് വല്ലാത്തെ അലട്ടികൊണ്ടിരുന്ന താരം നീണ്ട 951 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് വീണ്ടും ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ കളത്തിലിറങ്ങിയത്.
ഇപ്പോഴിതാ മത്സരശേഷം തന്റെ മകനെ കാണാന്‍ ശ്രമിക്കുന്ന നെയ്മറിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൈതാനത്തേക്ക് അതിക്രമിച്ചു കയറിയ ആരാധകനായി തെറ്റിദ്ധരിച്ച് നെയ്മറിന്റെ മകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഉടന്‍ തന്നെ ഇടപെട്ട നെയ്മര്‍, താന്‍ വന്നത് മകനെ കാണാനാണെന്ന് ഉദ്യോഗസ്ഥരോട് ആംഗ്യത്തിലൂടെ വ്യക്തമാക്കുകയും അവരെ പിന്തിരിപ്പിക്കുകയും ചെയ്യുകയായിരുന്നു.
സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ അടുത്ത റൗണ്ടിലേക്ക് കയറിയതിനു ശേഷമാണ് സംഭവം. മത്സരം അവസാനിച്ചതിനു പിന്നാലെ ഗ്രൗണ്ടിലുണ്ടായിരുന്ന പങ്കാളി ബ്രുണ ബിയാൻകാർഡിയുടെയും തന്റെ കുഞ്ഞ് മകളുടെയും അടുത്തേക്ക് നെയ്മർ പോയി. കണ്ണീരണിഞ്ഞ താരം വിജയാഘോഷത്തിനിടെ ഗാലറിയില്‍ തനിക്കായി ആര്‍പ്പുവിളിച്ചിരുന്ന 14 വയസ്സുകാരന് മകന് ഡേവി ലൂക്കയെ കാണാന്‍ സ്റ്റേഡിയത്തിലെ എന്‍ക്ലോസറിന് സമീപത്തേക്കും നടന്നു. പിതാവിനെ കണ്ട സന്തോഷത്തില്‍ താഴെയിറങ്ങി കെട്ടിപ്പിടിക്കാന്‍ മകന് ശ്രമിച്ചപ്പോള്‍ പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചാടിവീണു. മൈതാനത്തേക്ക് അനധികൃതമായി കടക്കാന്‍ ഒരു ആരാധകന് ശ്രമിക്കുകയാണെന്ന് കരുതിയാണ് ഉദ്യോഗസ്ഥര്‍ ലൂക്കയെ തടഞ്ഞത്. ഉടന്‍ തന്നെ ഇടപെട്ട നെയ്മര്‍, താന്‍ വന്നത് മകനെ കാണാനാണെന്ന് ഉദ്യോഗസ്ഥരോട് ആംഗ്യത്തിലൂടെ വ്യക്തമാക്കി, അവരെ പിന്തിരിപ്പിച്ചു.
തന്നെ മകന് കെട്ടിപ്പിടിച്ച നിമിഷം നെയ്മര്‍ വികാരഭരിതനായി പൊട്ടിക്കരഞ്ഞു. കരിയറിലെ ഏറ്റവും പ്രയാസകരമായ 20 മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള തന്റെ തിരിച്ചുരവ് മകനോടൊപ്പം പങ്കുവെക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസം ആ കണ്ണീരില്‍ ഏതൊരു കാഴ്ച്ചക്കാരനും അനുഭവിച്ചറിയാമായിരുന്നു.
The Exact Moment Neymar was calling his son from the stands, but the Security Guards try to stop him. pic.twitter.com/lA3u3oScIJ
— Speedline (@speedlinexx) June 25, 2026
2023 ഒക്ടോബറില്‍ ഇടത് കാൽമുട്ടിന്റെ ലിഗമെന്റിന് ഗുരുതരമായി പരിക്കേറ്റ നെയ്മര്‍ പിന്നീടും ഒരുപാട് പരിക്കുകള്‍ വന്നു. പരിക്കുകള്‍ തുടരെ വേട്ടയാടിയ താരത്തിന് വലിയൊരു ഇടവേള തന്നെ തന്റെ കരിയറിൽ എടുക്കേണ്ടി വന്നിരുന്നു. പരിക്കിനെ തുടർന്ന് മൊറോക്കോയ്ക്കെതിരായ ആദ്യ മത്സരവും ഹെയ്തിക്കെതിരായ രണ്ടാം മത്സരവും നെയ്മറിന് നഷ്ടമായിരുന്നു. ലോകകപ്പ് തുടങ്ങുന്നതിന് ഏതാനും മാസങ്ങൾക്ക് മുന്നേ നെയ്മർ 2026 ലോകകപ്പ് നഷ്ട്ടമാകുമെന്ന വാർത്തകളും വന്നിരുന്നു.
പക്ഷേ എല്ലാം കാറ്റില്‍ പറത്തി ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഒടുവിൽ 981 ദിവസങ്ങൾക്കു ശേഷം നെയ്മർ ബ്രസീൽ ജേഴ്സിയിൽ കളിക്കാനിറങ്ങി. ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരായ ഗ്രൂപ്പ് സിയിലെ നിർണായകമായ അവസാന മത്സരത്തിൽ പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. 76-ാം മിനിറ്റിൽ മാത്യുസ് കുന്യയ്ക്ക് പകരക്കാരനായാണ് താരം ഇറങ്ങിയത്. തന്റെ ഫിറ്റ്നസ് തെളിയിക്കുന്ന 15 മിനിറ്റ് നീണ്ട പ്രകടനം താരം പുറത്തെടുത്തു. സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ അടുത്ത റൗണ്ടിലേക്ക് മുന്നേറിയപ്പോൾ നെയ്മര്‍ കളി അവസാനിച്ച നിമിഷം ഗാലറിയെ നോക്കി കൈവീശി. ആ സമയത്ത് താരത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അത് വെറുമൊരു വിജയത്തിന്റെ സന്തോഷമായിരുന്നില്ല, താന്‍ തിരിച്ചെത്തിയിരിക്കുന്നു എന്നൊരു പ്രഖ്യാപനം കൂടിയായിരുന്നു.
നെയ്മറുടെ മടങ്ങിവരവ് മാത്രമല്ല, ബ്രസീലിന്റെ മികച്ച പ്രകടനവും മിയാമിയിലെ കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ച്, ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബ്രസീല്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്. ഹ്യൂസ്റ്റണില്‍ നടക്കുന്ന അടുത്ത റൗണ്ട് മത്സരത്തിനായി ബ്രസീല്‍ തയ്യാറെടുക്കുമ്പോള്‍, മൈതാനത്തിനകത്തും പുറത്തും നെയ്മറുടെ ഈ മടങ്ങിവരവ് ടീമിനും ആരാധകര്‍ക്കും നല്കുന്ന ആശ്വാസം ചെറുതല്ല.






