ഫ്ളോറിഡ: ഫിഫ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്കോട്ലന്ഡിനെ 3-0ന് തകര്‍ത്ത് ബ്രസീല്‍ നോക്കൗട്ടില്‍ പ്രവേശിച്ചു. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ സ്കോട്ലന്ഡിന്റെ 'നെഞ്ചിലേക്ക്' തൊടുത്തുകൊണ്ട് ആധികാരികമായിട്ടാണ് കാനറിപ്പട റൗണ്ട് 32ലേക്ക് മുന്നേറിയത്. പരുക്കിനെത്തുടര്‍ന്നു ആദ്യ രണ്ട് മത്സരങ്ങളില്‍നിന്ന് വിട്ടുനിന്ന ബ്രസീലിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മര്‍ മൂന്നാം മത്സരത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങി കളിക്കളത്തിലേക്ക് തിരിച്ചെത്തിയിത് കാനറികളുടെ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
വിനീഷ്യസ് ജൂനിയറിന്റെ ഇരട്ട ഗോളുകളാണ് ബ്രസീലിന് വമ്പന്‍ വിജയം സമ്മാനിച്ചത്. താരത്തിന് പുറമെ മാത്യുസ് കുന്‍ഹ ഒരു ഗോളും സ്കോട്ലാന്ഡിന് മുകളില്‍ ബ്രസീലിന്റെ ആധിപത്യം ശക്തമാക്കി. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ മുന്നേറി. ഇത് 16-ാം ലോകകപ്പിലാണ് കാനറിപ്പട ഗ്രൂപ്പ് ചാമ്പ്യന്മാരായി രണ്ടാം റൗണ്ടിലേക്ക് കടക്കുന്നത്.മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ നേടി വിജയിച്ചതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ബ്രസീല്‍ സ്കോട്ലാന്ഡിനെതിരേ സ്വന്തമാക്കി. ലോകകപ്പ് മത്സരത്തില്‍ സ്കോട്ലാന്ഡിനെതിരേ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കുന്ന ടീമായി ബ്രസീല്‍. ലോകകപ്പില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ നാലു ജയവും ഒരു സമനിലയും സ്വന്തമാക്കാന്‍ ബ്രസീലിന് സാധിച്ചു. കാനറിപ്പടയ്ക്കെതിരേ ലോകകപ്പില്‍ ഒറ്റ മത്സരത്തില്‍ പോലും വിജയിക്കാന്‍ സാധിക്കാത്ത നാണക്കേടും സ്കോട്ലാന്ഡിന്റെ തലയിലുണ്ട്.
ഇത്തവണ വിനീഷ്യസ് ജൂനിയറിന്റെ തോളിലേറിയാണ് ബ്രസീല്‍ കുതിപ്പ് തുടരുന്നത്. റൗണ്ട് 32ല്‍ ബ്രസീല്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ മത്സരത്തിലെ താരമായത് വിനീഷ്യസാണ്. ഏഴാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ താരം ആദ്യ പകുതിക്ക് തൊട്ടുമുമ്പ് രണ്ടാമതും ലക്ഷ്യം കണ്ടു, ടൂര്‍ണമെന്റില്‍ ഇത് അദ്ദേഹത്തിന്റെ നാലാമത്തെ ഗോളായി.
റയല്‍ മാഡ്രിഡ് താരം ഇതോടെ ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ഗോള്‍ നേടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം കളിയിലും വിനീഷ്യസ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ചുമായത്.2002ലെ ലോകകപ്പില്‍ റൊണാള്‍ഡോയും റിവാള്‍ഡോയും ഈ നേട്ടം കൈവരിച്ചശേഷം ഇതാദ്യമായാണ് ഒരു ബ്രസീലിയന്‍ താരം ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. ഇതോടെ ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസങ്ങളായ റൊമാരിയോ, ജൈര്‍സീഞ്ഞോ, റൊണാള്‍ഡോ, റിവാള്‍ഡോ എന്നിവരുടെ നിരയിലേക്ക് വിനീഷ്യസും ഉയര്‍ത്തപ്പെട്ടു.
നാല് ഗോളുകളുമായി എര്‍ലിങ് ഹാലന്‍ഡിനും എംബാപ്പെയ്ക്കും ഒപ്പമെത്തിയ താരം അഞ്ചു ഗോളുകള്‍ നേടിയ ലയണല്‍ മെസിയുടെ പിന്നിലാണ്. മുന്‍പ് നേരിട്ട വിമര്‍ശനങ്ങള്‍ക്കിടയിലും തന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നുവെന്ന് വിനീഷ്യസ് മത്സരശേഷം പ്രതികരിച്ചു. ബ്രസീല്‍ ജെഴ്സിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും പ്രകടിപ്പിച്ചു.






