
ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 ല്‍ അര്‍ജന്റീനയെ കാത്തിരിക്കുന്നത് ആരാണ് ? പഴയ പകയോ, പുതിയ തീപ്പൊരികളോ, ജെ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനമുറപ്പിച്ച മെസിപ്പട ഗ്രൂപ്പ് എച്ചിലേക്കാണ് ഉറ്റുനോക്കുന്നത്. അവിടെ നിന്നുള്ള രണ്ടാം സ്ഥാനക്കാരാണ്
തങ്ങളുടെ എതിരാളികള്‍. എന്നാല്‍ ആ ഗ്രൂപ്പില്‍ ഇപ്പോള്‍ വിധിയെഴുത്ത് പൂര്‍ത്തിയായിട്ടില്ല. കണക്കുകൂട്ടലുകള്‍ പോലും ആശയക്കുഴപ്പത്തിലാണ്. സ്പെയിന്, ഉറുഗേ്വ, സൗദി അറേബ്യ, കേപ് വെര്‍ദെ ഇവരില്‍ ആരുമാവാം അവിടത്തെ രണ്ടാം സ്ഥാനക്കാര്‍. 27 ന് അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഫൈനല്‍ വിസില്‍ മുഴങ്ങുന്നതോടെ മാത്രമേ ആ വലിയ ഉത്തരം ലഭ്യമാകൂ.
ഫുട്ബോളിനു ചില ശീലങ്ങളുണ്ട്. ചിലപ്പോള്‍ അത് ചരിത്ര പുസ്തകങ്ങള്‍ പൊടിതട്ടിയെടുക്കും. അല്ലെങ്കില്‍ പഴയ മുറിവുകളില്‍ മുളക് പുരട്ടും. ചില സന്ദര്‍ഭങ്ങളില്‍ കേട്ടിട്ടുപോലുമില്ലാത്ത രാജ്യങ്ങളെ ലോകത്തിന്റെ കേന്ദ്രമാക്കി മാറ്റും. ഇത്തവണ അര്‍ജന്റീനയെ റൗണ്ട് ഓഫ് 32-ല്‍ കാത്തിരിക്കുന്നത് ഈ മൂന്ന് സാധ്യതകളുടെ നാല് വഴികളാണ്.
സ്പെയിന് ആണെങ്കില്‍, അത് നേരത്തെയെത്തിയ ഫൈനലായി മാറും. ആധുനിക ഫുട്ബോളിലെ രണ്ട് വീര്യവാന്മാര് തമ്മിലുള്ള പെരുങ്കളിയാട്ടം.അര്‍ജന്റീനയും സ്പെയിനും ലോകകപ്പില്‍ ആദ്യമായും അവസാനമായും നേര്‍ക്കുനേര്‍ നിന്നത് 1966 ല്‍ ഇംഗ്ലണ്ടിന്റെ മണ്ണിലാണ്. അന്ന് അര്‍ജന്റീന 2-1ന് ജയിച്ചു. അതിനുശേഷം ആറു പതിറ്റാണ്ട് കടന്നുപോയി. ലോകം പാടെ മാറി. അര്‍ജന്റീന മൂന്ന് തവണയും സ്പെയിന് ഒരു തവണയും ലോകകപ്പ് ഉയര്‍ത്തി. മറഡോണ ചരിത്രത്താളിലേക്കു മറഞ്ഞു. മെസി ഇതിഹാസമായി. പക്ഷേ ലോകകപ്പില്‍ ഇവര്‍ തമ്മിലുള്ള പോരാട്ടം പിന്നീടൊരിക്കലും നടന്നില്ല. എങ്ങാനും അത് ഇത്തവണ സംഭവിച്ചാല്‍ എന്താകും വിധി എന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു. റൗണ്ട് ഓഫ് 32 ന്റെ ബോര്‍ഡ് വച്ചാലും ഫൈനലിന്റെ ചൂടാവും പുറത്തേക്ക് വമിക്കുക. അതേസമയം സൗദിയെങ്കിലോ? ഖത്തറിന്റെ മരുഭൂമിയില്‍ കിട്ടിയ കയ്പേറ്റിയ തോല്‍വിക്ക് മറുപടി നല്കാന് മെസിപ്പട കാത്തിരിക്കുന്നു.
കാട്ടില്‍ മാത്രമല്ല ഫുട്ബോളിലും ചിലപ്പോള്‍ പുലികള്‍ അലസമായി ഉറങ്ങിപ്പോവും. വിശ്വവിജയത്തിലേക്കുള്ള യാത്രയില്‍ കിട്ടിയ വടിവാള്‍ കൊണ്ടുള്ള വെട്ട്. സൗദി വീണ്ടും വന്നാല്‍ അത് പ്രതികാരത്തിന്റെ മത്സരം എന്ന തലക്കെട്ട് സ്വയം എടുത്തണിയും. ആ തോല്‍വി മറന്നിട്ടില്ല എന്ന നിശബ്ദ മുദ്രാവാക്യം ഓരോ അര്‍ജന്റീന കളിക്കാരന്റെയും ശരീരഭാഷയിലും പാസിലും തെളിഞ്ഞുകത്തും. കേപ് വെര്‍ദെ ആണ് എതിരാളിയെങ്കില്‍?. ഓരോ ലോകകപ്പിലും ഒരു പ്രണയകഥയുണ്ട്.ഇത്തവണ ആ കഥയുടെ പേര് കേപ് വെര്‍ദെ എന്നാണ്. ആഫ്രിക്കന്‍ തീരത്തെ കുഞ്ഞന്‍ ദ്വീപ്. ലോകകപ്പിലേക്ക് ആദ്യ പ്രവേശനം. പക്ഷേ കളിക്കുന്നത് ആദ്യമായി എത്തിയ ടീമിനെപ്പോലെയല്ല. വമ്പന്മാരെ വിറപ്പിച്ചും പ്രവചനങ്ങളെ പരിഹസിച്ചും അവര്‍ ഇവിടെവരെ എത്തിയിരിക്കുന്നു. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് ഇവര്‍ ആരാ എന്ന് ചോദിച്ചവര്‍ പിന്നീട് ഇവരെ എങ്ങനെ തടയും എന്ന് ചോദിക്കുന്നിടത്ത് കാര്യങ്ങളെത്തി. ഉറുഗേ്വയെ സങ്കല്പിച്ചു നോക്കൂ. ലാ പ്ലാറ്റയുടെ തീതുപ്പുന്ന ഡെര്‍ബി. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള വൈരങ്ങളിലൊന്ന്. അര്‍ജന്റീനയും ഉറുഗേ്വയും,രണ്ട് രാജ്യങ്ങള്‍, ഒരു നദി. ഒരേ സംസ്കാരത്തിന്റെ രണ്ട് കരകള്‍. പക്ഷേ പന്തുരുണ്ടുതുടങ്ങിയാല് അവര്‍ അയല്‍ക്കാരല്ല, കലാപകാരികള്‍.1930 ലോകകപ്പ് ഫൈനല്‍ തൊട്ടുള്ള നിരവധി കഥകള്‍. കോപ്പ അമേരിക്കകളിലെ യുദ്ധങ്ങള്‍. ആവേശം,
വികാരം, തര്‍ക്കങ്ങള്‍, തല്ലുകള്, ചുവപ്പ് കാര്‍ഡുകള്‍. ചില മത്സരങ്ങള്‍ തോല്ക്കാതിരിക്കാനാണ് കളിക്കുന്നത്. എന്നാല്‍ അര്‍ജന്റീന-ഉറുഗേ്വ പോരാട്ടങ്ങള്‍ ജീവിക്കാന്‍ വേണ്ടി മരിക്കുന്നവയാണ്.






