
മാഞ്ചസ്റ്റര്‍: വനിതാ ട്വന്റി-20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ടീം ഇന്ത്യ. 5 വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകളുടെ വിജയം. ജയത്തോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ സജീവമായി. 34 പന്തില്‍ 54 റണ്‍സ് നേടിയ ഷഫാലി വെര്‍മയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. യസ്തിക ഭാട്ടിയ 23, ജെമിയ റോഡ്രിഗസ് 26 എന്നിവര്‍ നിര്‍ണായക സംഭാവന നല്കി. 136 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ 16.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയതീരമണഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ബൗളിങ് മികവില്‍ തളച്ചുകൊണ്ടാണ് ഇന്ത്യയുടെ തുടക്കം. രാധാ യാദവിന്റെയും യുവതാരം ശ്രീചരണിയുടെയും മാസ്മരിക ബൗളിങ് പ്രകടനത്തിന്റെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശിനെ 136 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കായി. ഇന്ത്യക്കായി രാധാ യാദവ് മൂന്ന് വിക്കറ്റും ശ്രീചരണി രണ്ട് വിക്കറ്റും വീഴ്ത്തി. രേണുക സിങ്, നന്ദനി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഒരു ഘട്ടത്തില്‍ ഭേദപ്പെട്ട നിലയിലായിരുന്ന ബംഗ്ലാദേശിനെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കിയത്. 42 പന്തില്‍ നിന്ന് 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത ജുവൈരിയ ഫെര്‍ദൗസ് - ശോഭന മോസ്തരി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിന് മത്സരത്തില്‍ അടിത്തറ പാകിയത്. ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ മൂന്ന് വിജയങ്ങളോടെ 6 പോയിറ്റ് നേടി രണ്ടാം സ്ഥാനത്തെത്തി.






