
കൊച്ചി: വിവാദമായ സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കൂടുതല്‍ ശക്തമാക്കുന്നു. മുന്‍പ് നടന്ന ഇടപാടുകളിലേക്ക് മാത്രമല്ല, ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിഎംആര്‍എല്ലുമായി ബന്ധപ്പെട്ടുണ്ടായ ഔദ്യോഗിക തീരുമാനങ്ങളിലേക്കും നീക്കങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം.
കഴിഞ്ഞദിവസം എക്സാലോജിക് ഉടമ വീണ വിജയനെ ഇഡി ആസ്ഥാനത്ത് 11 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. തന്റെ കമ്പനിക്ക് പണം ലഭിച്ചതില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്ന നിലപാടില്‍ വീണ ഉറച്ചുനില്‍ക്കുകയാണ്. ഈ മൊഴികള്‍ പൂര്‍ണ്ണമായി അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. സിഎംആര്‍എല്ലിന് എക്സാലോജിക് നല്കിയ കൃത്യമായ സേവനങ്ങള്‍ എന്തൊക്കെയായിരുന്നു, ലഭിച്ച ഫണ്ട് എങ്ങോട്ടേക്കാണ് വകമാറ്റിയത് തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത തുടരുന്നതായാണ് സൂചന.
മുന്‍പ് ആവശ്യപ്പെട്ടിട്ടും സേവനവുമായി ബന്ധപ്പെട്ട കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞിരുന്നില്ല. നിലവിലുള്ള മൊഴികളും കമ്പനി രേഖകളും വിശദമായി ഒത്തുനോക്കിയ ശേഷം വീണയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇരു കമ്പനികളും തമ്മിലുള്ള ബിസിനസ് കരാറുകള്‍ കേവലം സാങ്കല്‍പ്പികമാണെന്നും അതിന് പിന്നില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ഇഡിയുടെ നിഗമനം. ആദ്യഘട്ടത്തില്‍ സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തായുടെ കുടുംബാംഗങ്ങളായ ജയ എസ് കര്‍ത്താ, ഷിബി എസ് കര്‍ത്താ, ശരണ്‍ എസ് കര്‍ത്താ എന്നിവരുള്‍പ്പെടെ ആറുപേരെ ഇഡി ചോദ്യം ചെയ്തു കഴിഞ്ഞു. ഇവരെയും അടുത്ത ഘട്ടത്തില്‍ വീണ്ടും വിളിപ്പിക്കും.
മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള അന്വേഷണത്തെ രാഷ്ട്രീയമായി ഏറ്റെടുക്കാതെ ഒരു സ്വകാര്യ ബിസിനസ്സ് തര്‍ക്കമായി മാത്രം ഒതുക്കി നിര്‍ത്താനാണ് പാര്‍ട്ടി ശ്രമം. കേസ് കോര്‍പ്പറേറ്റ് തര്‍ക്കമെന്ന നിലയില്‍ മാത്രമാണ് എടുത്തിരിക്കുന്നത്. രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ വീണക്ക് എതിരെയുള്ള അന്വേഷണത്തില്‍ എതിര്‍പ്പില്ല. എന്നാല്‍ സിപിഐഎമ്മിനെ വ്യക്തിഹത്യ ചെയ്യാനും രാഷ്ട്രീയമായി ആക്രമിക്കാനും നോക്കിയാല്‍ അത് അംഗീകരിക്കില്ലെന്നാണ് ഇടതു നിലപാട്.






