
തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണസ്തംഭനം ആരോപിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യുഡിഎഫ് നീക്കം. ഭരണത്തിലേറി ആറുമാസം കഴിഞ്ഞപ്പോള്‍ തന്നെ ഭരണസ്തംഭനമാണെന്നും കോര്‍പ്പറേഷന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പാര്‍ലമെന്ററിപാര്‍ട്ടി യോഗത്തിന് പിന്നാലെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും.
തിങ്കളാഴ്ച മുതല്‍ ശക്തമായ പ്രതിഷേധത്തിനാണ് യുഡിഎഫ് ഒരുങ്ങുന്നത്. സുഗതന്‍ പുറത്തായ സാഹചര്യത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് ബിജെപിയ്ക്ക് വലിയ തിരിച്ചടിയാകും. നിലവില്‍ ഒരാളുടെ ആനുകൂല്യത്തിലാണ് ബിജെപി ഭരിക്കുന്നത്. ബിജെപിയ്ക്ക് പിന്തുണ നല്‍കുന്ന സ്വതന്ത്രന്‍ പാറ്റുര്‍ രാധാകൃഷ്ണന്‍ എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും. നിലവില്‍ ബിജെപിയ്ക്ക് 51 അംഗങ്ങളാണുള്ളത്.
ഒരു യുഡിഎഫ് അനുകൂല സ്വതന്ത്രനടക്കം കോണ്‍ഗ്രസിന് 20 അംഗങ്ങളും എല്‍ഡിഎഫിന് 29 അംഗങ്ങളുമാണ് ഉള്ളത്. സത്യപ്രതിജ്ഞാ ചടങ്ങിലെ നിയമലംഘനം കാട്ടി ഹൈക്കോടതി നേരത്തേ 20 കൗണ്‍സിലര്‍മാര്‍ക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ നാലാഴ്ച അനുവദിച്ചിട്ടുണ്ട്. ഇതില്‍ സുഗതനൊഴിലെ 19 പേര്‍ സത്യപ്രതിജ്ഞ വീണ്ടും ചെയ്യുകയുമുണ്ടായി. അടുത്തയോഗത്തില്‍ പങ്കെടുക്കണം സത്യപ്രതിജ്ഞ ചെയ്യണം തുടങ്ങിയ നിബന്ധനകള്‍ സുഗതന് മുന്നില്‍ നില്‍ക്കുകയാണ്.
സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കുകയും ചെയ്തു. സുഗതന്റെ സത്യപ്രതിജ്ഞയും അസാധുവായിരുന്നു. വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സുഗതന്‍ ഹൈക്കോടതിയെ സമീപിക്കും. കാപ്പ ഇളവ് തേടി കാപ്പാ ബോര്‍ഡിനെയും സമീപിക്കാന്‍ നീക്കമുണ്ട്. പുനര്‍സത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്ന പരാതിയില്‍ സര്‍ക്കാരും നിയമോപദേശം തേടും. 14 ദിവസത്തിനുള്ളില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഉത്തരവ്.
നീക്കത്തില്‍ എല്‍ഡിഎഫ് കൈകോര്‍ത്താല്‍ സാഹചര്യം നിര്‍ണായകമാകും. തിങ്കളാഴ്ചയാണ് ഇനി കൗണ്‍സില്‍ യോഗം നടക്കുക. എന്നാല്‍ കോര്‍പ്പറേഷനില്‍ നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയാണെന്നും അതിന്റെ ഭാഗമായുള്ള നാടകമാണ് ഇന്നെലെയുണ്ടായ നാടകം എന്നുമാണ് ബിജെപി ആരോപിക്കുന്നത്. കൗണ്‍സില്‍ യോഗം നീട്ടിവെക്കുന്നതിനെതിരെ യുഡിഎഫും എല്‍ഡിഎഫും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് യോഗം തിങ്കളാഴ്ചയിലേക്ക് തീരുമാനിച്ചത്.
സുഗതനെ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് നീക്കണം എന്നാണ് എല്‍ഡിഎഫും യുഡിഎഫും ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്.






